Connect with us

Editorial

മായാവതിയുടെ നിലപാടു മാറ്റം

Published

|

Last Updated

മതേതര വിശ്വാസികളെ നിരാശപ്പെടുത്തുന്നതാണ് ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ബി എസ് പിയും കോണ്‍ഗ്രസും തമ്മിലുണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നത. മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റക്കും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ച അജിത് ജോഗിക്കൊപ്പവും മത്സരിക്കുെമന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നുമാണ് ബി എസ് പിനേതാവ് മായാവതിയുടെ പ്രഖ്യാപനം. ഈ സംസ്ഥാനങ്ങളില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബി എസ് പി ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ സഖ്യത്തില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് താത്പര്യം പ്രകടിപ്പിച്ചിരിക്കെയാണ് മായാവതിയുടെ അപ്രതീക്ഷിതമായ ഈ നിലപാടുമാറ്റം.

കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. രണ്ടിടങ്ങളിലും ഒന്നര പതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം ഇത്തവണ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുമെന്നും ബി ജെ പി അധികാരത്തില്‍ നിന്ന് പുറത്തുപോകുമെന്നുമാണ് അടുത്തിടെ നടത്തിയ എ ബി പി സി, എസ് ഡി എസ് അഭിപ്രായ സര്‍വേ ഫലം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 49 ശതമാനം വോട്ട് നേടുമ്പോള്‍ ബി ജെ പിയുടേത് 34 ശതമാനത്തിലേക്ക് ഇടിയുമെന്നും സര്‍വേ പ്രവചിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 44 ശതമാനവും ബി ജെ പിക്ക് 39 ശതമാനവും വോട്ടാണ് സര്‍വേയില്‍ കണ്ടത്. സംസ്ഥാനത്ത് ഈ വര്‍ഷമാദ്യം നടന്ന ആറ് നിയമസഭാ തിര ഞ്ഞെടുപ്പി ല്‍ നാലെണ്ണത്തിലും രണ്ട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം.
ഉത്തര്‍പ്രദേശിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ രൂപപ്പെട്ട എസ് പി, ബി എസ് പി സഖ്യം കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയും മതേതര വോട്ടുകള്‍ ഏകീകരിക്കുകയും ചെയ്യുമെന്ന കാഴ്ചപ്പാടിലാണ് ഈ സര്‍വേ നടത്തിയത്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പിക്ക് മധ്യപ്രദേശില്‍ 6.29 ശതമാനം വോട്ടും രാജസ്ഥാനില്‍ 4.2 ശതമാനം വോട്ടും ലഭിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ ബിഎസ് പിയുമായുള്ള കൂട്ടുകെട്ട് രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഗുണകരമാവും. അതേസമയം ബി എസ് പി ഒറ്റക്ക് മത്സരിക്കക വഴി മതേതര വോട്ടുകള്‍ ഭിന്നിച്ചാല്‍ കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി എസ് പിയുടെ നിലപാട് കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

സോണിയാ ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും ബി എസ് പിയോടുള്ള സമീപനം തൃപ്തികരമാണെങ്കിലും ദിഗ്‌വിജയ് സിംഗിനെ പോലുള്ള ചില നേതാക്കളുടെ സമീപനം ശരിയല്ല, ബി എസ് പിയെ തകര്‍ക്കാനാണ് അവരുടെ ശ്രമമെന്നാണ് കോണ്‍ഗ്രസിനോട് ഇടയാന്‍ മായാവതി പറയുന്ന കാരണം. ബി എസ് പിയുമായി സഖ്യം രൂപപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയയാളാണ് ദിഗ്‌വിജയ് സിംഗ്. സീറ്റ് വിഭജനത്തിലുള്ള അതൃപ്തിയാണ് മായാവതിയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നും പറയുന്നുണ്ട്. മധ്യപ്രദേശിലെ 203 നിയമസഭാ മണ്ഡലങ്ങളില്‍ 50 ഉം ഛത്തീസ്ഗഡിലെ 90-ല്‍ 15 ഉം വേണമെന്നാണ് ബി എസ് പി യുടെ ആവശ്യം. യഥാക്രമം 22-ഉം ഒമ്പതും സീറ്റുകള്‍ നല്‍കാമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. സീറ്റ് തര്‍ക്കത്തിനപ്പുറം തന്റെ സഹോദരന്‍ ആനന്ദ് കുമാറിനെതിരെയുളള സി ബി ഐ നീക്കമാണ് മായാവതിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലമെന്നും അഭ്യൂഹമുണ്ട്. പ്രത്യക്ഷ വരുമാനത്തില്‍ കവിഞ്ഞ ആസ്തി നേടിയതിന് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ് ആനന്ദ്കുമാര്‍. 2007ല്‍ 7.5 കോടിയുടേത് മാത്രമായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 2014 ല്‍ 1300 കോടി രൂപയുടേതായി കുത്തനെ വര്‍ധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ആനന്ദ്കുമാറിനെ ചോദ്യം ചെയ്തിരുന്നു. ഈ കേസ് ഉപയോഗപ്പെടുത്തി മായാവതിയെ കോണ്‍ഗ്രസുമായി അകറ്റിയാല്‍ മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി ഉള്‍പ്പെടെയുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാനാകുമെന്ന് കേന്ദ്രവും ബി ജെ പി നേതൃത്വവും വിലയിരുത്തുന്നുണ്ടാകണം.
കാരണങ്ങളെന്തായാലും ആത്മഹത്യാപരമാണ് മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെതിരെ മത്സരിക്കാനുള്ള ബി എസ് പിയുടെ തീരുമാനം. ബി ജെ പി ഭരണത്തില്‍ ദുരിതപൂര്‍ണമാണ് ഈ സംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സ്ഥിതി. ഇതിന് അറുതി വരുത്താനുള്ള നല്ലൊരവസരമാണ് ആസന്നമായ തിരഞ്ഞെടുപ്പ്.

മധ്യപ്രദേശില്‍ വര്‍ഗീയ ഫാസിസത്തെ തറപറ്റിക്കാന്‍ ലോക്താന്ത്രിക് ജനതാദള്‍, സമാജ്‌വാദി, ബഹുജന്‍ സംഘര്‍ഷ് ദള്‍, ഗോണ്ട്വാന ഗണതന്ത്ര, രാഷ്ട്രീയ സാമന്ത ദള്‍, പ്രജാതാന്ത്രിക് സമാധാന്‍ എന്നീ ആറ് ചെറുകക്ഷികള്‍ രംഗത്തു വന്നിട്ടുണ്ട്. ബി എസ് പി കൂടി കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ ബി ജെ പിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യത്തില്‍ പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ ഇരു വിഭാഗവും തയ്യാറാകേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം മോശമായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്ന കാര്യം മതേതര പാര്‍ട്ടികള്‍ ഓര്‍ത്തിരിക്കണം. മൂന്നോ നാലോ സീറ്റ് അധികം നല്‍കിയാലും ബി എസ് പിയുടെ പിന്തുണ പാര്‍ട്ടിക്ക് നിര്‍ണായകമാണെന്ന ബോധം കോണ്‍ഗ്രസ് നേതൃത്വത്തിന് വേണം. കോണ്‍ഗ്രസാണ് മറ്റു കക്ഷികളെ അടുപ്പിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധവെക്കേണ്ടതും ത്യാഗം സഹിക്കേണ്ടതും.

Latest