വിഷമദ്യമെന്ന് സംശയം: വയനാട്ടില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Posted on: October 4, 2018 10:08 am | Last updated: October 4, 2018 at 11:51 am

കല്‍പ്പറ്റ: വെള്ളമുണ്ട വാരാമ്പറ്റയില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച നിലയില്‍. വിഷമദ്യം അകത്തു ചെന്നാണ് മരണമെന്ന് സംശയിക്കുന്നു.
വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (75), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (35) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് പൂജ ചെയ്യാനായി വീട്ടിലെത്തിയ ആള്‍ നല്‍കിയ മദ്യം കഴിച്ച് അവശനിലയിലായ തിഗന്നായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചിരുന്നു. മദ്യം കഴിച്ച തിഗന്നായി ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്ന ആളായിരുന്നതിനാല്‍ മരണകാരണം മദ്യമായിരിക്കില്ലെന്നാണു ബന്ധുക്കള്‍ ആദ്യം കരുതിയിരുന്നത്. ഇന്നു സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ പ്രസാദും പ്രമോദും ബാക്കി വന്ന മദ്യം കഴിച്ചു. ഉടന്‍ തന്നെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍വച്ചും മരിച്ചു.
മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.