Connect with us

Ongoing News

ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇന്നാരംഭിക്കും

Published

|

Last Updated

രാജ്‌കോട്: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നാരംഭിക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. അതു കൊണ്ട് തന്നെ ആദ്യ ടെസ്റ്റ് ജയിച്ച് മേല്‍ക്കൈ നേടുക എന്നത് നിര്‍ണായകമാണ്.
മത്സരത്തലേന്ന് ഫൈനല്‍ ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടീം മറ്റൊരു പരീക്ഷണത്തിന് മുതിര്‍ന്നു. വിന്‍ഡീസിനെതിരെ ഓപണറുടെ റോളില്‍ യുവതാരം പ്രിഥ്വിഷാ എത്തും. ലോകേഷ് രാഹുലാണ് മറ്റൊരു ഓപണര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ പ്രിഥ്വി ഷാ ഉള്‍പ്പെട്ടെങ്കിലും ബെഞ്ചിലായിരുന്നു. ഇത്തവണ, അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ആഭ്യന്തര ക്രിക്കറ്റിലെ സെന്‍സേഷനല്‍ താരമായ പ്രിഥ്വിഷാ.

അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെയാണ് ഇന്ത്യ പരീക്ഷിക്കുക. മൂന്ന് സ്പിന്‍ സ്‌പെഷ്യലിസ്റ്റുകളുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍. പേസര്‍മാരായി മുഹമ്മദ് ഷമിയും ഉമേഷ് യാദവും.
ഓവല്‍ ടെസ്റ്റില്‍ 56 റണ്‍സുമായി അരങ്ങേറ്റത്തില്‍ തിളങ്ങിയ ഹനുമ വിഹാരിയെ ആദ്യ ടെസ്റ്റില്‍ പരിഗണിക്കുന്നില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ദ് ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തും.

വാലറ്റത്ത് തിളങ്ങുന്ന ആള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ഇടം പിടിച്ചു. പരുക്കേറ്റ ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി ജഡേജയാണ് തിളങ്ങാന്‍ പോകുന്നത്.
ആസ്‌ത്രേലിയന്‍ പര്യടനം മുന്നിലിരിക്കെ ഇതൊരു വലിയ അവസരമാണ്. പ്രിഥ്വി ഷാക്ക് അവസരോചിതമായി ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ ടീമില്‍ ഇടം ഉറപ്പിക്കാം. ടോപ് ഓര്‍ഡറിലെ പാളിച്ചകളെ കുറിച്ച് വിരാട് കോഹ് ലി നേരത്തെ തന്നെ വാചാലനായിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിത്തന്ന ടീം ക്യാപ്റ്റനാണ് പ്രഥ്വി ഷാ.
നെറ്റ്‌സില്‍ ഏറെ നേരം പരിശീലനം നടത്തിയാണ് ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ പരിശീലന തട്ടകം വിട്ടത്.

മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവരെ തഴഞ്ഞാണ് യുവരക്തങ്ങളായ പ്രിഥ്വിക്കും മായങ്ക് അഗര്‍വാളിനും സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.

പാസിനെ ചൊല്ലി തര്‍ക്കം;
ഏകദിന മത്സര വേദി മാറ്റി

ന്യൂഡല്‍ഹി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ഏകദിന മത്സരം വിശാഖപട്ടണത്ത്. ഈ മാസം 24ന് ഇന്‍ഡോറില്‍ നിശ്ചയിച്ച മത്സരം ബി സി സി ഐയും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വേദി മാറ്റിയത്. പാസുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
ബി സി സി ഐയുടെ പുതിയ വ്യവസ്ഥപ്രകാരം സ്റ്റേഡിയത്തിന്റെ ആകെയുള്ള സീറ്റുകളുടെ 90 ശതമാനം ടിക്കറ്റുകള്‍ പൊതുവില്പനക്കുള്ളതാണ്.
പത്ത് ശതമാനം ടിക്കറ്റുകള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കുള്ളതാണ്. ഇത് ഉപചാരപൂര്‍വം നല്‍കുന്ന പാസുകളായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്.മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ 27000 പേര്‍ക്കാണ് ഇരിപ്പിടമള്ളത്.
ഇതില്‍ 2700 പാസുകള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയന്റെ കൈവശം. ഇതിലും ബി സി സി ഐ അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയതോടെ പ്രശ്‌നമായി.
തങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ക്കുള്ള പാസുകള്‍ സംസ്ഥാന അസോസിയേഷന്‍ നല്‍കണമെന്ന് ബി സി സി ഐ ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. ഫ്രീ പാസുകളെ ചൊല്ലിയുണ്ടായ തര്‍ക്കം ഇന്‍ഡോറിന് മികച്ച മത്സരത്തിന് ആതിഥ്യം വഹിക്കാനുള്ള അവസരം നിഷേധിക്കുന്നതായി.

---- facebook comment plugin here -----

Latest