Connect with us

Editorial

കോടതി മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കണം

Published

|

Last Updated

പ്രക്ഷോഭങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി. സമരങ്ങള്‍ അക്രമാസക്തമാകുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്താല്‍ സമരത്തിന് ആഹ്വാനം ചെയ്ത നേതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും നേതാക്കളെ 24 മണിക്കൂറിനുള്ളില്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യണമെന്നുമാണ് തിങ്കളാഴ്ച കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. പൊതുസ്വത്ത് നശീകരണം തടയാന്‍ കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ എട്ട് ആഴ്ചക്കുള്ളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. നേതാക്കള്‍ ഹാജരായില്ലെങ്കില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് വിചാരണയുമായി മുന്നോട്ടുപോകണം. നാശനഷ്ടത്തിന് തുല്യമായ തുകയോ ആനുപാതികമായ ഈടോ നല്‍കിയെങ്കിലേ ഉപാധികളോടെ പോലും ജാമ്യം അനുവദിക്കാവൂ.

ഇത്തരം കേസുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടി, ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കുന്നതിന് സംസ്ഥാന പോലീസിനു കീഴില്‍ വെബ്‌സൈറ്റും ആപ്പും സജ്ജമാക്കല്‍, ജില്ലാ തലങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ ദ്രുതകര്‍മസേനകളെ നിയമിക്കല്‍, അക്രമോത്സുകരായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ മാരകമല്ലാത്ത കണ്ണീര്‍വാതകം, ജലപീരങ്കി പോലുള്ളവ ഉപയോഗിക്കല്‍, ആവശ്യമെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ സാമൂഹികമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കും നിയന്ത്രണം തുടങ്ങി പതിനഞ്ചോളം കാര്യങ്ങളുണ്ട് മാര്‍ഗനിര്‍ദേശങ്ങളില്‍.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും മറ്റും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്കിടെ പൊതു, സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്ന പ്രവണത രാജ്യത്ത് വ്യാപകമാണ്. കല്ലെറിഞ്ഞും അഗ്നിക്കിരയാക്കിയും വാഹനങ്ങള്‍ നശിപ്പിക്കാത്ത പ്രക്ഷോഭങ്ങള്‍ വിരളമാണ്. ഹര്‍ത്താലുകളോട് സഹകരിക്കാത്ത കടകള്‍ അടിച്ചു തകര്‍ക്കലും പതിവാണ്. സഹസ്രകോടി രൂപയുടെ സ്വത്തുക്കളാണ് അക്രമാസക്ത സമരങ്ങളില്‍ ഓരോ വര്‍ഷവും രാജ്യത്തിന് നഷ്ടമാകുന്നത്. ജാട്ട് സംവരണ പ്രക്ഷോഭത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതാണ്ട് 36,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വ്യവസായികളുടെ കണക്ക്. മറാത്തക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ സംവരണവും ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ മറാത്തി ക്രാന്തി മോര്‍ച്ച നടത്തിയ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് ശതകോടികളുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിന്റെ ദുരുപയോഗം തടയാന്‍ എന്ന പേരില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിലും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂനിറ്റ് വിരുദ്ധ സമരത്തിലും ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിലുമെല്ലാം കനത്ത നാശനഷ്ടങ്ങളുണ്ടായി.

ഇതിനെതിരെ ശക്തമായ നടപടി വേണമെന്നത് കാലങ്ങളായി പൊതുസമൂഹം ആവശ്യപ്പെടുന്നതാണ്. 2012-ല്‍ യു പി എ സര്‍ക്കാര്‍ ഈ ലക്ഷ്യത്തില്‍ പ്രിവന്‍ഷന്‍ ഓഫ് ഡിസ്ട്രക്ഷന്‍ ഓഫ് പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം നടത്തിയിരുന്നു. നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മാര്‍ക്കറ്റ് വില അക്രമികളില്‍ നിന്ന് ഈടാക്കാനും അക്രമികളെ പോട്ട ചുമത്തി ജയിലിലടക്കാനുമായിരുന്നു ജസ്റ്റിസ് കെ ടി തോമസ് തലവനായുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ഭേദഗതിയില്‍ നിര്‍ദേശിച്ചിരുന്നത്. നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ഭേദഗതിയിന്മേല്‍ പൊതുജനാഭിപ്രായവും തേടുകയുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് കാരണം ആ നീക്കം മരവിപ്പിക്കുകയായിരുന്നു.

നിലവില്‍ പ്രക്ഷോഭങ്ങളില്‍ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടാല്‍ നികുതിദായകരായ പൊതുജനമാണ് അതിന്റെ ഭാരം വഹിക്കേണ്ടി വരുന്നത്. സമരക്കാര്‍ ഒന്നും അറിയേണ്ടിവരുന്നില്ല. പ്രകടനത്തില്‍ നുഴഞ്ഞു കയറിയ സാമൂഹികവിരുദ്ധരും പാര്‍ട്ടിവിരുദ്ധരുമാണ് കുഴപ്പമുണ്ടാക്കിയതെന്നും തങ്ങള്‍ക്ക് അതിലൊരു പങ്കുമില്ലെന്നും പറഞ്ഞ് നേതാക്കള്‍ ഒഴിഞ്ഞുമാറും. സമരങ്ങള്‍ അക്രമത്തിലേക്ക് തിരിയുന്നതും പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതും ഇതുകൊണ്ടാണ്. നാശനഷ്ടങ്ങള്‍ സമരക്കാരില്‍ നിന്നോ ആഹ്വാനം ചെയ്യുന്ന നേതാക്കളില്‍ നിന്നോ ഈടാക്കുന്ന സ്ഥിതി വരികയും നേതാക്കള്‍ ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്താല്‍ സ്വത്ത് നശീകരണ പ്രവണത അവസാനിക്കുകയോ ഗണ്യമായി കുറയുകയോ ചെയ്യും. കോടതി അത്തരമൊരു നിര്‍ദേശം മുന്‍വെച്ചതിന്റെ താത്പര്യവും അതായിരിക്കണം. എന്നാല്‍ കോടതികള്‍ ഉത്തരവ് പുറപ്പെടുവിച്ചതു കൊണ്ടായില്ല. അത് നടപ്പാക്കാനുള്ള ആര്‍ജവം ഭരണകൂടം കാണിക്കണം. പൊതുസ്വത്ത് നശീകരണത്തിനെതിരെ 2011ല്‍ കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ശന ഉത്തരവ് വന്നിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി നിര്‍ദേശിച്ചതു പോലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ നശിപ്പിക്കപ്പെടുന്ന പൊതുമുതലിന്റെ നഷ്ടം കോടതിയില്‍ മുന്‍കൂര്‍ കെട്ടിവെക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. എന്നാല്‍, ഇതുവരെയും സംസ്ഥാനത്ത് ആരും ഇത്തരമൊരു ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടില്ല. പൊതുസമൂഹത്തിന്റെ താത്പര്യമല്ല; കക്ഷിരാഷ്ട്രീയങ്ങളുടെ താത്പര്യങ്ങളാണ് പലപ്പോഴും നിയമനടപടികളില്‍ സര്‍ക്കാര്‍ മാനിക്കാറുള്ളത്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം നാടിന്റെയും ജനങ്ങളുടെയും നന്മ ലക്ഷ്യമാക്കി കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ സന്നദ്ധമാകണം.