അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ഹരജിയുമായി സ്വീഡിഷ് കമ്പനി

Posted on: October 3, 2018 10:52 pm | Last updated: October 3, 2018 at 10:52 pm

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ കോടതിയലക്ഷ്യ നോട്ടീസുമായി സുപ്രീം കോടതിയില്‍. നിയമനടപടികളില്‍ വീഴ്ചവരുത്തിയതിന് 550 കോടി രൂപ അടക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഇത് പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്.

അനില്‍ അംബാനി നാടുവിട്ട് പോകുന്നത് തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനില്‍ അംബാനിക്ക് പുറമെ രണ്ട് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും കമ്പനി കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

45,000 കോടി നഷ്ടത്തില്‍ മുന്നോട്ടുപോകുന്ന അനില്‍ അംബാനി ഗ്രൂപ്പുമായി ചെയ്ത ബിസിനസിന് പകരമായി 550 കോടി ലഭിക്കണമെന്നാണ് എറിക്‌സണിന്റെ ആവശ്യം. നേരത്തെ 1,600 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.