National
കേസുകള്‍ മെന്‍ഷന്‍ ചെയ്യുന്ന രീതിക്ക് അവസാനം

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ സുപ്രധാന മാറ്റങ്ങളുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ആദ്യ ഇടപെടല്‍. കേസുകള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുമ്പാകെ മെന്‍ഷന്‍ ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ദിവസവും ഇരുപത് മിനുട്ട് വരെ നീണ്ടിരുന്ന നടപടികളാണ് ഇതോടെ അവസാനിക്കുന്നത്.
ആരെയെങ്കിലും തൂക്കിലേറ്റുന്നതോ വീട്ടില്‍ നിന്ന് ഒഴിപ്പിക്കുന്നതോ ആയ ഘട്ടങ്ങളില്‍ മാത്രമേ ഇത്തരം ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാവൂവെന്നും ചീഫ് ജസ്റ്റിസ് ഗോഗോയി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകരുടെ സൗകര്യത്തിനായി കേസുകള്‍ പാസ് ഓവര്‍ ചെയ്യുന്ന രീതിയും അനുവദിക്കില്ല. കേസുകള്‍ ലിസ്റ്റ് ചെയ്ത ക്രമത്തില്‍ തന്നെ പരിഗണിക്കും. പരിഗണിക്കാന്‍ നിശ്ചയിച്ച ദിവസം ക്രമം മാറ്റാനും അനുവദിക്കില്ല. ഇതു സംബന്ധിച്ച് വിശദമായ നടപടിക്രമങ്ങള്‍ പുറത്തിറക്കാനാണ് ജസ്റ്റിസ് ഗോഗോയിയുടെ തീരുമാനം.
സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് പിന്നാലെ ആശംസ അറിയിക്കാനെത്തിയ അഭിഭാഷകനെ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ജുഡീഷ്യറിയിലെ ബന്ധുനിയമനത്തിനെതിരെ ഹരജി നല്‍കിയ അഭിഭാഷകന്‍ മാത്യു നെടുമ്പാറയാണ് ഇന്നലെ കോടതിയിലെത്തി ആശംസ അറിയിച്ചത്.