Connect with us

Kerala

ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിയും

Published

|

Last Updated

കൊച്ചി: ഹാര്‍വാര്‍ഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസര്‍ ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിയും. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായി ചുമതലയേറ്റതോടെയാണ് ഇത്. പുതിയ ചുമതല ഏറ്റ സാഹചര്യത്തില്‍ അവര്‍ക്ക് തന്റെ സാമ്പത്തിക ഉപദേഷ്ടാവായി തുടരാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചത്.

അടുത്തിടെ അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് അംഗത്വവും ഗീത ഗോപിനാഥിന് ലഭിച്ചിരുന്നു. ഈ മാസം ആറിനു മാസച്യുസിറ്റ്‌സിലെ കേംബ്രിജില്‍ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നല്‍കാനിരിക്കെയാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനവും ഇവരെ തേടിയെത്തിയത്.

കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എംഎയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടി.

Latest