ഈ ഔഷധഗുണങ്ങള്‍ അറിഞ്ഞാല്‍ മുരിങ്ങക്കായ കഴിക്കാതിരിക്കില്ല

Posted on: October 1, 2018 9:01 pm | Last updated: October 1, 2018 at 9:47 pm

ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും സുലഭമായി ലഭിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് മുരിങ്ങക്കായ. സാമ്പാര്‍, ഇറച്ചിക്കറി, സൂപ്പുകള്‍, സാലഡുകള്‍ തുടങ്ങിയ വിഭവങ്ങളില്‍ എല്ലാം മുരിങ്ങക്കായ പ്രധാന കൂട്ടാണ്. എന്നാല്‍ ഈ മുരിങ്ങക്കായ പോഷക സമ്പുഷ്ടമാണെന്ന് അധികമാര്‍ക്കും അറിയില്ല. മുരിങ്ങക്കായയുടെ ചില ഔഷധ ഗുണങ്ങള്‍ കാണുക:

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

മുരിങ്ങക്കായയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. മുരിങ്ങയില്‍ അടങ്ങിയ ആന്റീ- ബാക്ട്ടീരിയ കഫ ജന്യ രോഗങ്ങള്‍ തടയാന്‍ ഉത്തമമാണ്.

എല്ലുകള്‍ക്ക് ശക്തി പകരുന്നു

എല്ലുകള്‍ക്ക് ബലം നല്‍കാന്‍ മുരിങ്ങക്കായയില്‍ അടങ്ങിയ കാല്‍സ്യത്തിന് സാധിക്കും. ഇതൊടൊപ്പം ഇരുമ്പ് സത്തും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുരിങ്ങക്കായ ജ്യൂസ് അടിച്ചോ പാലില്‍ ചേര്‍ത്തോ സ്ഥിരമായി കഴിക്കുന്നത് എല്ലുകള്‍ക്ക് ബലം വെക്കാന്‍ നല്ലതാണ്.

ദഹനപ്രക്രിയ എളുപ്പമാക്കുന്നു

ദഹനസംബന്ധമായ പ്രശനങ്ങള്‍ക്കുള്ള പരിഹാരവും മുരിങ്ങക്കായയിലുണ്ട്. നിയാസിന്‍, റിബോഫളാവിന്‍, ഫോളിക് ആസിഡ്, പ്രിഡോക്‌സൈന്‍ തുടങ്ങിയ വൈറ്റമിന്‍ ബി ഘടകങ്ങള്‍ മുരിങ്ങക്കായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു.

രക്ത ശുദ്ധീകരണത്തിന് അത്യുത്തമം

ശരീരത്തിലെ രക്തം ശുദ്ധീകരിക്കാന്‍ മുരിങ്ങക്കായക്ക് കഴിവുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൂപ്പ് വെച്ചോ ജ്യൂസടിച്ചോ മുരിങ്ങക്കായ പതിവായി കഴിച്ചാല്‍ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകില്ല. കൂടാതെ രക്തചംക്രമണം എളുപ്പമാക്കാനും മുരിങ്ങക്കായക്ക് സാധിക്കും.

ഗര്‍ഭിണികള്‍ ഒഴിവാക്കരുത്

ഗര്‍ഭിണികള്‍ മുരിങ്ങക്കായ ധാരാളമായി കഴിക്കുന്നത് പ്രസവം എളുപ്പമാക്കും. പ്രസവത്തിന് മുമ്പും ശേഷവുമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് നല്ല ഔഷധമാണ്. വൈറ്റമിനുകളുടെയും മിനറലുകളുടെയും കലവറയാണ് മുരിങ്ങക്കായ. മുരിങ്ങക്കായ ഉപ്പുചേര്‍ത്ത് വേവിച്ച് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് നല്ലതാണ്.

അണുബാധ തടയുന്നു

മുരിങ്ങക്കായയില്‍ അടങ്ങിയ ആന്റി ബാക്ടീരിയ നെഞ്ചിലേയും തൊണ്ടയിലേയും അണുബാധ തടയും. ത്വക്കിലെ അണുബാധക്കും ഇത് അത്യുത്തമമാണ്.