Connect with us

National

ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഭീമാ കൊറേഗോവ് ജാതി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വീട്ടുതടങ്കലില്‍ കഴിയുന്ന അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളായ ഗൗതം നവ്‌ലാഖയെ മോചിപ്പിച്ചു. ഗൗതം നവ്‌ലാഖയെ തടവില്‍ പാര്‍പ്പിക്കുന്നതിന് ന്യായീകരണമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ കോടതിയുടെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഇത് നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ഗൗതം നവ്‌ലാഖ അടക്കം മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഭീമാ കൊറേഗാവ് കാലാപവുമായി ബന്ധപ്പെടുത്തി മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് റൊമീല ഥാപ്പര്‍, പ്രഭാത് പട്‌നായിക്, സതീഷ് ദേശ് പാണ്ഡെ, തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് ഭൂരിപക്ഷവിധി പ്രസ്താവത്തിലൂടെ തള്ളിയത്.

ജനുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയാണ് ഓഗസ്റ്റ് 28ന് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഗൗതം നവ്‌ലാഖയെ കൂടാതെ തെലുങ്ക് കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Latest