മൂന്നു വര്‍ഷത്തേക്ക് 18,000 കോടി ദിര്‍ഹമിന്റെ ബജറ്റിന് അംഗീകാരം

Posted on: October 1, 2018 4:17 pm | Last updated: October 1, 2018 at 4:17 pm

ദുബൈ: വിദ്യാഭ്യാസ, സാമൂഹിക വികസന മേഖലക്ക് ഊന്നല്‍ നല്‍കി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് യു എ ഇ മന്ത്രിസഭാംഗീകാരം. 18,000 കോടി ദിര്‍ഹമിന്റെ ബജറ്റിലെ പകുതിയിലധികം തുകയും വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും പുതിയ സാമൂഹിക വികസന പദ്ധതികള്‍ നടപ്പാക്കാനും വിനിയോഗിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെച്ചു.

ബജറ്റ് തുകയുടെ 42.3 ശതമാനമാണ് സാമൂഹിക വികസന മേഖലക്കായി നീക്കിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലക്ക് 17 ശതമാനം തുക വിനിയോഗിക്കും. ആരോഗ്യ സംരക്ഷണ മേഖലക്ക് 7.3 ശതമാനമാണ് നീക്കിവെച്ചിരിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ പ്രഖ്യാപിക്കുന്ന ബജറ്റ് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലുതായിരിക്കുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ദൈവകൃപയുണ്ടെങ്കില്‍ ഇമാറാത്ത് പുതിയ ചക്രവാളം തുറക്കുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

യു എ ഇ ബഹിരാകാശ-നൂതന സാങ്കേതിക മേഖലയില്‍ പുതിയ ഫെഡറല്‍ നിയമത്തിനും അംഗീകാരം നല്‍കി. ബഹിരാകാശ മേഖലയില്‍ നിക്ഷേപം, ഗവേഷണം, പങ്കാളിത്തം കെട്ടിപ്പടുക്കല്‍ എന്നിവയാണ് പുതിയ നിയമം വ്യവസ്ഥ ചെയ്തതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ബൃഹത്തായ ബജറ്റിനോടൊപ്പം തന്നെ ബഹിരാകാശ മേഖലയില്‍ പുതിയ നിയമം നടപ്പാക്കിയത് യാദൃച്ഛികമാണ്. വിശാലമായ ബജറ്റും പുതിയ ഫെഡറല്‍ നിയമവും ഇമാറാത്തിനെ ഉന്നതിയിലെത്തിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.