ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കൂട്ടായ മുന്നേറ്റം ആവശ്യം: ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

Posted on: October 1, 2018 4:14 pm | Last updated: October 1, 2018 at 4:14 pm

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ അറബ് മേഖലയില്‍ തീവ്രവാദത്തിനെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ലോകരാഷ്ട്രങ്ങളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് യു എ ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ യു എ ഇയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു ശൈഖ് അബ്ദുള്ള. യു എ ഇയുടെ സ്ഥാപകനും രാജ്യത്തിന്റെ മുഴുവന്‍ വളര്‍ച്ചയുടെയും ഹേതുകമായി നിലകൊള്ളുകയും ചെയ്ത രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നൂറാം ജന്മവാര്‍ഷികമാഘോഷിക്കുന്ന വേളയില്‍, തീവ്രവാദത്തിനെതിരെ യു എ ഇ ശക്തമായി എല്ലാ അര്‍ഥത്തിലും നിലകൊള്ളുമെന്ന് ശൈഖ് അബ്ദുള്ള തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

അറബ് മേഖലയില്‍ പൊതുവിലും ഇമാറാത്തില്‍ പ്രത്യേകിച്ചും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ലോകത്തിന് മുഴുവന്‍ മാനവികതയില്‍ മാതൃകയായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പാത പിന്തുടര്‍ന്ന് യു എ ഇ എന്നും മാനവികതക്കൊപ്പം നില്‍ക്കുമെന്നും ശൈഖ് അബ്ദുള്ള തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്ത് പൊതുവിലും അറബ് മേഖലയില്‍ പ്രത്യേകിച്ചും അരക്ഷിതാവസ്ഥയും ഭീകരതയും സൃഷ്ടിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കും അത്തരം ചിന്തകള്‍ക്കും പിന്തുണ നല്‍കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ അണിചേരുന്നതില്‍ ഇമാറാത്ത് എന്നും മുന്നിലുണ്ടാകുമെന്നും ശൈഖ് അബ്ദുള്ള ഉറപ്പുനല്‍കി.
സഊദിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടിട്ടുള്ള അറബ് സഖ്യം പ്രധാനമായും ലക്ഷ്യമിടുന്നത് പ്രദേശത്തെ ഭീകരവാദ ചിന്താഗതികളെ തുടച്ചുനീക്കി ശാന്തിയും സമാധാനവും പുനസ്ഥാപിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഈ സഖ്യത്തിന് മുഴുവന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ടാകണമെന്നും ശൈഖ് അബ്ദുള്ള ആവശ്യപ്പെട്ടു.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ ഭീകരവിരുദ്ധ സഖ്യം അനിവാര്യമാണെന്നും ശൈഖ് അബ്ദുല്ല തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.