റാഫേല്‍ വിമാനങ്ങള്‍ ബെംഗളുരു എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല

Posted on: October 1, 2018 10:10 am | Last updated: October 1, 2018 at 11:39 am

ബെംഗളുരു: ഇന്ത്യക്കായി ദസ്സോ നിര്‍മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ബെംഗളുരു എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സൂചന. ഫെബ്രുവരിയോടെ വിമാനങ്ങള്‍ സജ്ജമാക്കാന്‍ കഴിയില്ലെന്നതിനാലാണിതെന്നാണ് അധിക്യതര്‍ പറയുന്നത്. അതേ സമയം എയര്‍ ഷോക്ക് വേണ്ടി മാത്രം വിമാനങ്ങള്‍ എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യോമസേന ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് മാര്‍ഷല്‍ ആര്‍കെ ഭദൗരിയ പറഞ്ഞു.എയര്‍ ഷോ പ്രധാനമന്ത്രി ഉദ്ഘടാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനൊപ്പം യെലഹങ്ക വ്യോമതാവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭദൗരിയ. റാഫേല്‍ ഇടപാടില്‍നിന്നും എച്ച്എഎല്ലിനെ ഒഴിവാക്കിയതെന്തിനെന്ന ഉത്തരം 2015 ഏപ്രില്‍ 10ന് നടത്തിയ ഇന്ത്യാ-ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതിരോധ മന്ത്രി പറഞ്ഞു. യുപിഎ കൊണ്ടുവന്ന കരാറിനേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് തങ്ങള്‍ നടപ്പിലാക്കിയ കരാറെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.