പവാറിന്റെ മോദീ പിന്തുണ; താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു, എന്‍സിപിയില്‍ പൊട്ടിത്തെറി

Posted on: September 28, 2018 7:09 pm | Last updated: September 29, 2018 at 11:11 am

മുംബൈ: റാഫേല്‍ ഇടപാടില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടി അംഗത്വവും എം പി സ്ഥാനവും രാജിവച്ച അദ്ദേഹം ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, താരിഖ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ കതിഹാര്‍ മണ്ഡലത്തിലെ ലോക്‌സഭാംഗമായിരുന്നു താരിഖ്. പവാറിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ താരിഖ് അന്‍വര്‍ രാജിവച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, വിവാദം രൂക്ഷമായതോടെ പവാറിന്റെ നിലപാട് തള്ളി മകളും എംപിയുമായ സുപ്രിയ സുലെ രംഗത്തെത്തി. ജെപിസി അന്വേഷണത്തെ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നതെന്നും വിലയില്‍ കൃത്രിമത്വം കാണിച്ചില്ലെങ്കില്‍ വിശദാംശങ്ങള്‍ തുറന്നു പറയാന്‍ പ്രധാനമന്ത്രി തയ്യാറാകണണെന്നും സുപ്രിയ സുലെ പറഞ്ഞു.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഉദ്ദേശ്യ ശുദ്ധിയെ ജനം സംശയിക്കില്ലെന്നാണ് ശരത് പവാര്‍ പറഞ്ഞത്. ഒരു മറാഠി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പവാറിന്റെ പരാമര്‍ശം. യുദ്ധവിമാനത്തിന്റെ സാങ്കേതിക വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അര്‍ഥ ശൂന്യമാണ്. എന്നാല്‍ വിലവിവരം പുറത്തുവിടാന്‍ സര്‍ക്കാറിന് സാധിക്കും. വിഷയം വഷളാക്കിയത് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വിശദീകരണങ്ങളാണെന്നും പവാര്‍ പറഞ്ഞു. പവാറിന്റെ പ്രസ്താവനയെ തിടുക്കപ്പെട്ട് സ്വാഗതം ചെയ്ത് ബി ജെ പി രംഗത്തെത്തിയിരുന്നു.