Connect with us

Gulf

ഇത് വിശുദ്ധ മദീനയില്‍ വേഗമെത്താന്‍ സഊദിയുടെ സ്‌നേഹ സമ്മാനം

Published

|

Last Updated

ജിദ്ദ: തീര്‍ഥാടകര്‍ക്കും മക്ക, മദീന എന്നിവിടങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള സഊദി അറേബ്യയുടെ ഏറ്റവും പുതിയ സമ്മാനമാണ് ഹറമൈന്‍ ട്രെയിന്‍. ഒക്‌ടോബര്‍ നാല് മുതല്‍ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസുകള്‍ക്ക് തുടക്കമാകും. ജിദ്ദ സുലൈമാനിയ പ്രധാന റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു. വിഷന്‍ 2030 പദ്ധതി പ്രകാരം തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് സര്‍വശേഷിയും പ്രയോജനപ്പെടുത്താന്‍ രാജാവ് നിര്‍ദേശിച്ചു.

പദ്ധതിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും രാജാവ് വീക്ഷിച്ചു. ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസില്‍ 40 റിയാലും ബിസിനസ് ക്ലാസില്‍ 50 റിയാലും മക്കയില്‍ നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസില്‍ 150 റിയാലും ബിസിനസ് ക്ലാസില്‍ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് രണ്ട് മാസക്കാലം പ്രൊമോഷന്‍ നിരക്കായിരിക്കും ഈടാക്കുക. രണ്ട് മാസക്കാലം പകുതി നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കും. ഇതനുസരിച്ച് ഇക്കോണമി ക്ലാസില്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് 20 റിയാലും റാബിഗിലേക്ക് 40 റിയാലും മദീനയിലേക്ക് 75 റിയാലും ജിദ്ദയില്‍ നിന്ന് റാബിഗിലേക്ക് 23 റിയാലും മദീനയിലേക്ക് 63 റിയാലും റാബിഗില്‍ നിന്ന് മദീനയിലേക്ക് 50 റിയാലും ആണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസില്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് 25 റിയാലും റാബിഗിലേക്ക് 55 റിയാലും മദീനയിലേക്ക് 125 റിയാലും ജിദ്ദയില്‍ നിന്ന് റാബിഗിലേക്ക് 33 റിയാലും മദീനയിലേക്ക് 105 റിയാലും റാബിഗില്‍ നിന്ന് മദീനയിലേക്ക് 75 റിയാലും ആണ് നിരക്ക്.

ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് അവസരമുണ്ടാകും. സ്മാര്‍ട്ട് ഫോണുകള്‍ വഴി ടിക്കറ്റുകള്‍ വാങ്ങുന്നതിന് യാത്രക്കാരെ സഹായിക്കുന്ന ആപ്പും പുറത്തിറക്കും. യാത്രക്കാരുടെ സേവനത്തിന് വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട നിരവധി വ്യാപാര സ്ഥാപനങ്ങള്‍ റെയില്‍വേ സ്‌റ്റേഷനുകളിലുണ്ടാകും. മുഴുവന്‍ സ്‌റ്റേഷനുകളിലും ഹെലിപാഡുകളും കാര്‍ പാര്‍ക്കിംഗുകളും സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളും മസ്ജിദുകളും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കുള്ള ലോഞ്ചുകളും ബസ്, ടാക്‌സി സ്‌റ്റേഷനുകളുമുണ്ടാകുമെന്ന് ഹറമൈന്‍ ട്രെയിന്‍ പദ്ധതി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് ഫിദാ പറഞ്ഞു. ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈന്‍ ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

Latest