Connect with us

Cover Story

ഉയിരേകും വിരല്‍ കണ്ണികള്‍

Published

|

Last Updated

കഴിഞ്ഞ നവംബര്‍ 17നാണ് ആ സന്ദേശം ആംബുലന്‍സ് ഡ്രൈവര്‍ തമീമിന് ലഭിക്കുന്നത്. ജീവിതത്തിന്റെ പൊന്‍വെളിച്ചത്തിലേക്ക് കണ്ണ് തുറന്നിട്ട് 30 ദിവസം മാത്രം പ്രായമായ ഫാത്വിമ ലൈബയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെത്തിക്കണം. വെല്ലുവിളികള്‍ ധാരാളമാണെന്നറിഞ്ഞിട്ടും ആ ചെറുപ്പക്കാരന്‍ ദൗത്യം ഏറ്റെടുത്തു. രാത്രി 8.10നാണ് പരിയാരത്ത് നിന്ന് ആംബുലന്‍സിന്റെ ആക്‌സിലേറ്ററില്‍ തമീമിന്റെ കാലമര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് എസ് എ ടിക്ക് മുമ്പില്‍ ആംബുലന്‍സ് കിതച്ചുനിന്നു. വാഹനം പുറപ്പെട്ടിട്ട് ഏഴ് മണിക്കൂറിന് പത്ത് മിനുട്ട് മാത്രം ബാക്കി… കണ്ണികണ്ണിയായുള്ള ആസൂത്രണത്തിന്റെ ചടുലമായ നീക്കങ്ങളുടെ ഫലമായിരുന്നു കേരളത്തിന്റെ ഗതാഗതകുരുക്കും ജനത്തിരക്കും മറ്റുമൊക്കെ കവച്ചുവെച്ചുള്ള ആ യജ്ഞം. അതൊരു നിമിത്തമാകുകയായിരുന്നു. ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ പുതിയ വെളിച്ചത്തിലേക്കുള്ള കിളിവാതിലാണ് ആ സംഭവത്തിലൂടെ തമീമിന് തുറക്കാനായത്.
പിഞ്ചുകുഞ്ഞിനെ തലസ്ഥാനത്തെത്തിക്കണമെന്ന സന്ദേശം ലഭിച്ചയുടനെ ആംബുലന്‍സ് മാനേജര്‍ മുനീര്‍, ആംബുലന്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശരീഫ് ഗുരുവായൂര്‍, സന്നദ്ധ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബുസ്താന്‍ കോട്ടക്കല്‍ തുടങ്ങിയവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നു തമീം. സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള രക്തദാന ഫോറങ്ങള്‍, മറ്റ് സാമൂഹിക സംഘടനകള്‍, പോലീസ് എന്നിവരെയും അറിയിച്ചു. പിന്നീട് ദൗത്യം കേരളമൊന്നൊകെയങ്ങ് ഏറ്റെടുത്തു. റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ പൊതുപ്രവര്‍ത്തകരും പോലീസും ഉറക്കമിളച്ച് പുലര്‍ച്ചെയും കാത്തിരുന്ന ദൃശ്യങ്ങള്‍ മനസ്സിനെ കുളിരണിയിക്കുന്നതായിരുന്നുവെന്ന് തമീം.

പന്ത്രണ്ടായിരം
ചങ്ങലക്കണ്ണികള്‍
കുഞ്ഞിനെ എസ് ഐ ടിയിലെത്തിച്ച് ദൗത്യം നിര്‍വഹിച്ച നിര്‍വൃതിയില്‍ ചിന്തയെയും കര്‍മത്തെയും ആലസ്യത്തിലേക്ക് മേയാന്‍ വിടുകയായിരുന്നില്ല തമീം. അമൂല്യമായ ജീവന്‍ രക്ഷിക്കാന്‍ കേരളത്തെയൊന്നാകെ വിളക്കിച്ചേര്‍ക്കുന്ന ഒരു കണ്ണി സൃഷ്ടിക്കുക എന്ന ആശയം, തിരിച്ചുള്ള യാത്രയില്‍ ആ ആംബുലന്‍സ് ഡ്രൈവറുടെ മനസ്സില്‍ ഉദിച്ചു. പുറപ്പെടുന്ന സ്ഥലം മുതല്‍ ലക്ഷ്യസ്ഥാനം വരെ റോഡിലെ കുരുക്കുകള്‍ നീക്കാനും വാഹനത്തിന് സുഗമമായി കടന്നുപോകാനുമുള്ള പശ്ചാത്തല സൗകര്യം ഒരുക്കാനും ഒരു കര്‍മസംഘം. അതിന് റോഡിലും അങ്ങാടിയിലും തിരക്കേറിയ നഗരങ്ങളിലുമൊക്കെ എപ്പോഴുമുണ്ടാകുന്നവരുടെ സഹായം വേണം. മുറിഞ്ഞുപോകാത്ത ചങ്ങലക്കണ്ണികളായി പ്രവര്‍ത്തിക്കണം. ഇടക്കൊരു തടസ്സമുണ്ടായാല്‍ യജ്ഞത്തെ ആകമാനം ബാധിക്കും. ഡ്രൈവര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, യുവാക്കള്‍ തുടങ്ങിയവരൊക്കെ കൈകോര്‍ക്കുന്ന മനുഷ്യച്ചങ്ങല. അതിന് വേദിയാകേണ്ടത് സോഷ്യല്‍ മീഡിയയും. ഇതായിരുന്നു തമീമിന്റെ മനസ്സിലുണ്ടായിരുന്നത്.
ഈ ആശയത്തിന് കുതിപ്പേകാന്‍ സമാനമനസ്‌കരുടെ സഹായം വേണ്ടുവോളമുണ്ടായി. പോലീസിന്റെ അലര്‍ട്ട് കണ്‍ട്രോള്‍ ടീമിന്റെയും ട്രാഫിക് പോലീസിന്റെയും സഹായവും ഇവര്‍ക്ക് വേണ്ടത്ര. ഇന്ന് പന്ത്രണ്ടായിരത്തോളം പേരുള്ള സംഘശക്തിയായി കേരളാ എമര്‍ജന്‍സി ടീം എന്ന പേരില്‍ ഈ വാട്‌സ് ആപ്പ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. ഓരോ ജില്ലയിലും പ്രത്യേകം ഗ്രൂപ്പുകള്‍. പൊതു പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്.. സമ്പന്നമാണ് ഓരോ ഗ്രൂപ്പും.
കേരളാ എമര്‍ജന്‍സി ടീമിന്റെ “മിഷന്‍” എന്ന പേരിലാണ് ആംബുലന്‍സുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത് അറിയപ്പെടുന്നത്. ഓരോ മിഷനും തയ്യാറെടുക്കുമ്പോള്‍ വാഹനം കടന്നുപോകുന്ന സ്ഥലങ്ങളിലുള്ള ലഭ്യമായ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി പുതിയൊരു ഗ്രൂപ്പ് സൃഷ്ടിക്കും. വാഹനത്തിന്റെ ലൈവ് ലൊക്കേഷനോടെ ആ മിഷന്‍ അവസാനിക്കുന്നതു വരെ ഗ്രൂപ്പ് സജീവമായിരിക്കും. വെറുതെ തലതാഴ്ത്തിയിരുന്ന് ചുണ്ണാമ്പ് തേക്കുന്നവരെന്ന പരിഹാസവിളികള്‍ക്കുള്ള യോജിച്ച ഉത്തരം കൂടിയാണ് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചുള്ള ഇത്തരം സാന്ത്വന പ്രവര്‍ത്തനങ്ങള്‍.

കണ്ണി ചേര്‍ന്ന് പോലീസും
പൊതു പ്രവര്‍ത്തകരും പോലീസും കൈകോര്‍ത്ത് നടത്തുന്ന ദൗത്യങ്ങളാണ് കെ ഇ ടിയുടെത്. മിഷന്‍ നടത്താനുദ്ദേശിക്കുന്ന കേസുകളെ സംബന്ധിച്ച ഡോക്ടറുടെ കുറിപ്പും മറ്റും കെ ഇ ടി ഭാരവാഹികള്‍ അലര്‍ട്ട് കണ്‍ട്രോള്‍ റൂമിന് അയച്ചുകൊടുക്കും. അവരത് വിശദമായി പരിശോധിച്ച ശേഷമാണ് പോലീസ് കൂടി പങ്കെടുക്കുന്ന മിഷന് സാഹചര്യമൊരുക്കുക. ആംബുലന്‍സുകളുടെ മറവില്‍ പല തട്ടിപ്പുകളും നടക്കുന്ന സാഹചര്യത്തില്‍ ഓരോ മിഷന് ശേഷവും രോഗിയെ കൊണ്ടുവന്ന ആംബുലന്‍സ് വിശദമായി പരിശോധിക്കാറുണ്ടെന്ന് സംസ്ഥാന അലര്‍ട്ട് കണ്‍ട്രോള്‍ റൂം മേധാവി സാക്ഷ്യപ്പെടുത്തുന്നു.
രൂപം കൊണ്ട് ആറ് മാസമാകുമ്പോഴേക്കും ഇത്തരത്തിലുള്ള 31 കേസുകളാണ് കെ ഇ ടി ഏറ്റെടുത്തത്. ഹൃദയ വാല്‍വിന് തകരാര്‍ ബാധിച്ച 18 ദിവസം പ്രായമായ തിരൂര്‍ സ്വദേശികളുടെ കുട്ടിയെ മൂന്നര മണിക്കൂര്‍ കൊണ്ട് എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചത്, പക്ഷാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ബഹ്‌റൈനില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച അമ്പത്തിയഞ്ചുകാരനായ ഗംഗാധരനെ അഞ്ച് മണിക്കൂര്‍ കൊണ്ട് മംഗലാപുരം വിജയ ആശുപത്രിയിലെത്തിച്ചത്, കോഴിക്കോട് മിംമ്‌സില്‍ നിന്ന് എടയൂര്‍ നോര്‍ത്ത് സ്വദേശികളായ ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞിനെ നാല് മണിക്കൂര്‍ കൊണ്ട് മംഗലാപുരം കസ്തൂര്‍ബ ആശുപത്രിയിലെത്തിച്ചത് എന്നിങ്ങനെ നിരവധി ദൗത്യങ്ങള്‍…

ജീവകാരുണ്യ മേഖലയിലും
തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, പുതപ്പ് വിതരണം, നിര്‍ധന രോഗികള്‍ക്ക് മരുന്ന് വിതരണം, വളണ്ടിയര്‍ സേവനം എന്നിങ്ങനെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും മുദ്ര പതിപ്പിച്ചിട്ടുണ്ട് കെ ഇ ടി. പ്രളയ ദുരന്താനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. കേരളത്തിന് പുറത്ത് പ്രധാന നഗരങ്ങളിലും ഘടകങ്ങളുള്ള കേരള എമര്‍ജന്‍സി ടീം രജിസ്‌ട്രേഡ് സംഘടനയാണിപ്പോള്‍. സ്വകാര്യ സ്ഥാപനത്തിലെ സൂപ്പര്‍വൈസറായ മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ ടി പി മുഹമ്മദ് അന്‍സാര്‍ പ്രസിഡന്റും വടകരയിലെ ഫോട്ടോഗ്രാഫര്‍ വി കെ സന്തോഷ് ജനറല്‍ സെക്രട്ടറിയും ഐ ടി ഉദ്യോഗസ്ഥനായ തിരുവനന്തപുരം രജിന്‍ഷാ ട്രഷററുമാണ്. അമല്‍ തിരൂര്‍, റശീദ് കാസര്‍കോട്, ഹമീദ് മണ്ണാര്‍ക്കാട്, അബ്ദുല്‍ സലാം എറണാകുളം എന്നിവരാണ് മറ്റു ഭാരവാഹികള്‍. കേരളാ എമര്‍ജന്‍സി ടീം ഹെല്‍പ്പ് ലൈന്‍- 7510660666.

“സാധാരണക്കാരനും വേണം എയര്‍ ആംബുലന്‍സ്”

“ആറ് വര്‍ഷം മുമ്പ്, എന്റെ കസിന്റെ സഹോദരന് ബൈക്ക് അപകടത്തില്‍ ഇടത് കൈക്ക് പരുക്കേറ്റു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കൈ തുന്നിപ്പിടിപ്പിക്കണമെങ്കില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ആരും അതിന് തയ്യാറായില്ല. പാവം, ഇന്ന് ആ കുട്ടിക്ക് ഇടത് കൈ ഇല്ല; കൃത്രിമ കൈയാണുള്ളത്. താങ്കള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പുതിയ ആശയത്തിന് എല്ലാ വിധ പിന്തുണയും…..”
നമ്മുടെ നാട്ടില്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് ആയിക്കൂടായെന്ന യുവ സംരംഭകന്‍ തസ്‌നീം മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് വീട്ടമ്മയായ ലക്ഷ്മി സുനില്‍ പ്രതികരിച്ചതാണിത്. സാധാരണക്കാരന് ചിന്തിക്കാനെങ്കിലും പ്രാപ്യമായ ചെലവില്‍ കേരളത്തില്‍ എയര്‍ ആംബുലന്‍സ് ഒരുക്കണം. സംവിധാനങ്ങളില്ലാത്തതിന്റെ പേരില്‍ ഒരു ജീവനും നഷ്ടമായിക്കൂടാ- അദ്ദേഹം ചിന്തിക്കുന്നതിങ്ങനെയാണ്. ബെംഗളൂരുവിലേയും ഡല്‍ഹിയിലേയുമൊക്കെ എയര്‍ ആംബുലന്‍സ് സംവിധാനങ്ങളുമായി ചേര്‍ന്ന് കേരളത്തിലും ഇത്തരമൊരു സാധ്യത പരീക്ഷിക്കാനുള്ള തയ്യാറെടുപ്പും ഈ ഇരുപത്തിയഞ്ചുകാരന്‍ നടത്തുന്നുണ്ട്. രാജ്യത്ത് ബെംഗളൂരു, ചെന്നൈ, ഹൈദരബാദ്, ഡല്‍ഹി നഗരങ്ങളിലാണിപ്പോള്‍ ഈ സംവിധാനമുള്ളത്. തസ്‌നീമിന്റെ സംരംഭമായ ഫ്‌ളൈബുക് (ംംം.ളഹ്യയൗസ.രീാ) എന്ന പോര്‍ട്ടലില്‍ ബുക്ക് ചെയ്താല്‍ എയര്‍ ആംബുലന്‍സ് സൗകര്യം കേരളത്തിലും ലഭിക്കും. 7511177733 എന്ന ടോള്‍ഫ്രീ നമ്പറിലും ബുക്ക് ചെയ്യാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആംബുലന്‍സ് സൗകര്യമുള്ള ഹെലികോപ്ടറുകളും വിമാനങ്ങളും സംഘടിപ്പിച്ചാണ് എയര്‍ ആംബുലന്‍സ് സാധ്യമാക്കുന്നത്. ഫാത്വിമ ലൈബയെ ആറര മണിക്കൂര്‍ കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറുടെ സാഹസികത തന്നെയായിരുന്നു പുതിയ സംരംഭവുമായി മുന്നോട്ടു വരാന്‍ തസ്‌നീമിനെയും പ്രേരിപ്പിച്ചത്. ഹെലിപ്പാഡ് ഇല്ലാത്തയിടങ്ങളാണെങ്കിലും പേടിക്കേണ്ടതില്ല. അവിടങ്ങളില്‍ താത്കാലിക ഹെലിപ്പാഡ് സംവിധാനിക്കും. മണിക്കൂറില്‍ എണ്‍പതിനായിരം രൂപയോളം ചെലവ് വരുന്ന എയര്‍ ആംബുലന്‍സ് സാധാരണക്കാരന് താങ്ങാവുന്നതിലപ്പുറമാണെങ്കിലും ജീവകാരുണ്യ മേഖല സുശക്തമായ നാട്ടില്‍ ഈ സംവിധാനത്തിന് കീഴില്‍ പാവപ്പെട്ടവരുടെയും ജീവന്‍ രക്ഷിച്ചെടുക്കാമെന്നാണ് കണ്ണൂര്‍ സ്റ്റാര്‍ ഓഫ് ഏഷ്യ മാനേജിംഗ് പാര്‍ട്ണര്‍ കൂടിയായ തസ്‌നീമിന്റെ അഭിപ്രായം.

Latest