കലാലയങ്ങളിലെ രാഷ്ട്രീയ മൂല്യച്യുതി ചര്‍ച്ച ചെയ്ത് യുവത്വം

Posted on: September 9, 2018 1:31 am | Last updated: September 9, 2018 at 1:31 am
SHARE

ധര്‍മപുരി: സര്‍ഗാത്മക സംവാദത്തിന് വേദിയാകേണ്ട കലാലയങ്ങള്‍ കലാപ ഭൂമിയാകുന്ന അവസ്ഥയാണ് വര്‍ത്തമാന കാലത്തുള്ളതെന്ന ആശങ്ക പങ്കുവെച്ച് ക്യാമ്പസ് വിഭാഗം പ്രസംഗ മത്സരാര്‍ഥികള്‍. ക്യാമ്പസുകള്‍ സംഘര്‍ഷങ്ങളുടെയും കൊലപാതക രാഷ്ട്രീയത്തിന്റെയും പരിസരമായി മാറുന്നു. മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യു അവസാന ഇരയാണ്. തങ്ങള്‍ മാത്രം മതിയെന്ന ഏകാധിപത്യ പ്രവണതയും ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നുണ്ട്. മറ്റുള്ളവരെ ജനാധിപത്യ സംവിധാനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാതിരിക്കുകയും പ്രതിയോഗികളെ അടിച്ചമര്‍ത്തുന്ന സമീപനവും വര്‍ധിച്ചു വരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം യൂനിയന്‍ പ്രവര്‍ത്തങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. നാളെയുടെ ഭരണചക്രം തിരിക്കേണ്ട യുവനേതാക്കളും ജനാധിപത്യ ബോധമുള്ള യുവത്വവും ക്യാമ്പസില്‍ നിന്നാണ് പിറക്കേണ്ടത്. വിദ്യാര്‍ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മ പരിശോധന നടത്താന്‍ തയ്യാറാകണമെന്നും യുവപ്രഭാഷകര്‍ ആവശ്യപ്പെട്ടു.

മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഐക്യവും പ്രസംഗങ്ങള്‍ക്ക് വിഷയമായി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഒത്തൊരുമയും സൗഹാര്‍ദവും ലോകത്തിന് തന്നെ മാതൃകയാണ്. മാനവിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാണ് കേരളമെന്ന് കാണിച്ചു. സാക്ഷരതയും വിദ്യാഭ്യാസവുമാണ് കേരളത്തില്‍ മതേതരത്വവും സൗഹാര്‍ദവും കാത്തു സൂക്ഷിക്കുന്നത്. മലയാളികള്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ അറുപതാണ്ട് സംസ്‌കാരത്തിന്റെ ഗതിവിഗതികള്‍, പശ്ചിമേഷ്യ പലായനത്തിന്റെ രാഷ്ട്രീയം, ക്രിമിനലിസത്തിന്റെ സൈബര്‍ ഇടങ്ങള്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നം വെക്കുന്നത് തുടങ്ങിയ വിഷയങ്ങളും പ്രസംഗ മത്സരത്തില്‍ ചര്‍ച്ച ചെയ്തു. മലപ്പുറം ഈസ്റ്റ് ജില്ലയിലെ വാഴയൂര്‍ സാഫി കോളജിലെ ശറഫുദ്ദീന്‍ ഒന്നാം സ്ഥാനവും മലപ്പുറം വെസ്റ്റിലെ തിരൂര്‍ കോ- ഓപ്പറേറ്റീവ് കോളജിലെ ഇ സ്വലാഹുദ്ദീന്‍ രണ്ടാം സ്ഥാനവും പത്തനംതിട്ടയിലെ കെ സിദ്ദീഖലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here