മോശം പെരുമാറ്റത്തെത്തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് ; ജലന്തര്‍ ബിഷപ്പിനെതിരെ കൂടുതല്‍ മൊഴികള്‍

Posted on: September 7, 2018 10:02 am | Last updated: September 7, 2018 at 1:50 pm

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിനെതിരെ കുരുക്ക് മുറുകുന്നു. ബിഷപ്പിന്റെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് രണ്ട് പേര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബിഷപ്പ് ലൈംഗിക ചുവയോടെ പെരുമാറിയെന്നും ഇത് പലപ്പോഴും തുടര്‍ന്നുവെന്നും ഇവര്‍ ആരോപിച്ചു. ബിഷപ്പിനെതിരെ പരാതി നല്‍കിയപ്പോള്‍ സഭയില്‍നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായി. ഇതില്‍ മനംമടുത്താണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. അതേ സമയം ബിഷപ്പിനെതിരെ മഠത്തിലെ കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരുന്നില്ല . എന്നാല്‍ പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാല് പേര്‍ ഇപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

അതേ സമയം കേസില്‍ ഭകല്‍പൂര്‍ ബിഷപ്പിന്റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മൊഴി നല്‍കിയ കന്യാസ്ത്രീകളും മറ്റ് ചില കന്യാസ്ത്രീകളും ജലന്തര്‍ ബിഷപ്പിനെതിരെ ഭകല്‍പ്പൂര്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.