വിദ്യാലയ കാന്റീന്‍: നഗരസഭ നിയമം കര്‍ശനമാക്കുന്നു

Posted on: September 3, 2018 3:38 pm | Last updated: September 3, 2018 at 3:38 pm

ദുബൈ: വിദ്യാലയ കാന്റീനുകളില്‍ വില്‍ക്കുന്നത് നിബന്ധനകള്‍ പാലിച്ചുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങളാണോ എന്ന് കര്‍ശനമായി പരിശോധിക്കാന്‍ ദുബൈ നഗരസഭ രംഗത്ത്. പൊതു, സ്വകാര്യ വിദ്യാലയ കാന്റീനുകളില്‍ വ്യാപക പരിശോധന നടത്തുമെന്നു നഗരസഭ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഉപ മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ അറിയിച്ചു.
കാന്റീനുകള്‍ക്കു നേരത്തെ തന്നെ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ കര്‍ശനമായി പാലിക്കണം.

അംഗീകൃത ഭക്ഷ്യ വിതരണ കമ്പനികളുടെ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ മാത്രമേ വിദ്യാലയങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ചില ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കാന്റീനില്‍ തന്നെ പാചകം ചെയ്യണം. അംഗീകൃത ഭക്ഷ്യ വിതരണ കമ്പനികളുമായി കരാര്‍ ഉണ്ടാക്കണം. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ശുചിത്വമുള്ളതാണെന്ന് ഉറപ്പാക്കണം. പ്രാണികളോ മാലിന്യങ്ങളോ പാടില്ല. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വഹിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക അംഗീകാരം വേണം.

എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ കെ എച്ച് ഡി എ യുമായോ വിദ്യാഭ്യാസ മന്ത്രാലയവുമായോ ബന്ധപ്പെട്ടു നിയമ നടപടി സ്വീകരിക്കുമെന്നും വിദ്യാലയ സൂപ്പര്‍വൈസര്‍മാര്‍ക്കു ശില്‍പശാല നടത്തുമെന്നും അല്‍ താഹിര്‍ അറിയിച്ചു.