Connect with us

Editorial

രൂപയുടെ മൂല്യത്തകര്‍ച്ചയും ജി ഡി പി വളര്‍ച്ചയും

Published

|

Last Updated

രൂപയുടെ മുല്യശോഷണം തടഞ്ഞു വിനിമയ നിരക്ക് ഡോളറിനു 40 രൂപയിലേക്ക് എത്തിക്കുമെന്ന വാഗ്ദാനവുമായാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബി ജെ പി നേരിട്ടത്. എന്നാല്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടിരിക്കെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയി കുത്തനെ ഇടിഞ്ഞു. 2018ല്‍ മാത്രം 11 ശതമാനത്തിലേറെ ഇടിവാണ് വിനിമയ മൂല്യത്തിലുണ്ടായത്. ഈ അവസ്ഥയില്‍ നിന്ന് പെട്ടെന്നൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണെന്ന് തോന്നുമെങ്കിലും രൂപയുടെ വിലയിടിവ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയും സാധാരണക്കാരന്റെ ജീവിതഭാരം വര്‍ധിപ്പിക്കുകയും ചെയ്യും.

തുര്‍ക്കിയിലെ മാന്ദ്യം ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ പ്രതിഫലനം, അമേരിക്കന്‍ ഉപരോധം മൂലം ഇറാനില്‍ നിന്നുള്ള എണ്ണ എത്താത്തതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ്ഓയില്‍ വിലയിലുണ്ടായ വര്‍ധന, ഈ അവസരം മുതലെടുത്ത് എണ്ണക്കമ്പനികളും പൊതുമേഖലാ ബേങ്കുകളും നടത്തുന്ന വന്‍തോതിലുള്ള ഡോളര്‍ സംഭരണം, കന്നുകാലിവ്യാപാര നിരോധനവും ഗോരക്ഷാ കൊലകളും വര്‍ഗീയ ആക്രമണങ്ങളും രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തതിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ പിന്മാറിയത് തുടങ്ങി രൂപയുടെ മൂല്യയിടിവിന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റിസര്‍വ് ബേങ്കിന്റെ സജീവമായ ഇടപെടലാണ് ഇത്തരം സാഹചര്യങ്ങളില്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നത്. ആര്‍ ബി ഐയുടെ കൈവശമുള്ള ഡോളര്‍ ശേഖരത്തില്‍ നിന്ന് വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വിലക്ക് ഡോളര്‍ വില്‍ക്കുകയാണ് ഇതിന് സ്വീകരിക്കാനുള്ള മാര്‍ഗം. എന്നാല്‍ വികസ്വര രാജ്യങ്ങളിലെയെല്ലാം കറന്‍സികള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ആര്‍ ബി ഐ വിചാരിച്ചാല്‍ പോലും രൂപയുടെ തകര്‍ച്ച നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

കയറ്റുമതിയെക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ക്രൂഡ്ഓയില്‍ തുടങ്ങിയ ഇറക്കുമതി സാധനങ്ങളുടെ വില ഉയരും. രാജ്യത്ത് തുടര്‍ച്ചയായ ഒമ്പത് ദിവസമായി ഇന്ധനവില വര്‍ധിച്ചു കൊണ്ടിരിക്കയാണ്. പാചകവാതക സിലിണ്ടര്‍ വിലയും ഉയര്‍ന്നു. എണ്ണയുടെ വില ബാരലിന് 10 ഡോളര്‍ വര്‍ധിക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച 0.2 മുതല്‍ 0.3 ശതമാനം വരെ കുറയുന്നുവെന്നാണ് 2018ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത്. ഇറക്കുമതിച്ചെലവു കൂടുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാന്‍ ഇടയാക്കും. പെട്രോള്‍ ഉത്പന്നങ്ങളുടെ നിരക്ക് വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ത്തും. രാജ്യത്തെ ഓഹരി വിപണിയെയും ഇത് പ്രതികൂലമായി ബാധിക്കും.

രൂപയുടെ ഈ റിക്കാര്‍ഡ് മൂല്യത്തകര്‍ച്ചക്കിടെയാണ് ജി ഡി പി(മൊത്ത ആഭ്യന്തര ഉത്പാദനം) പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വളര്‍ച്ച നേടിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തിലെ 7.7 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ജി ഡി പി 8.2 ശതമാനമായി ഉയര്‍ന്നുവെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ വെളിപ്പെടുത്തല്‍. നേരത്തെ റോയിറ്റേഴ്‌സിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത് 7.6 ശതമാനം വളര്‍ച്ചയായിരുന്നുവത്രെ. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നാണ് ഈ വളര്‍ച്ച കാണിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുകയും ചെയ്യുന്നു. കണക്കുകള്‍ വസ്തുതാപരമാണെങ്കില്‍ അഭിമാനാര്‍ഹമായ വളര്‍ച്ചയാണിത്. ഒരു രാജ്യത്ത് നിശ്ചിത കാലയളവില്‍ നിര്‍മിക്കപ്പെടുന്ന എല്ലാ ചരക്കുസേവനങ്ങളുടെയും മൊത്തം മൂല്യം സൂചിപ്പിക്കുന്നതാണ് ജി ഡി പി. ജനങ്ങളുടെ വരുമാനത്തിലെയും തൊഴിലലെയും കയറ്റുമതിയിലെയും വര്‍ധന, സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപ വര്‍ധന തുങ്ങിയവയാണ് ജി ഡി പിയുടെ വളര്‍ച്ചക്ക് നിദാനം. ഈ രംഗങ്ങളിലെല്ലാം രാജ്യം പിന്നിലാണെന്നിരിക്കെ ഇപ്പോള്‍ പുറത്തുവിട്ട വളര്‍ച്ചാ നിരക്കില്‍ സന്ദേഹം രേഖപ്പെടുത്തുന്നവരുണ്ട്. സാമ്പത്തിക വളര്‍ച്ച പെരുപ്പിച്ചുകാണിക്കാന്‍ സര്‍ക്കാറുകള്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പോലുള്ള ഔദ്യോഗിക ഏജന്‍സികളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും ഏജന്‍സികള്‍ കണക്കുകളില്‍ തിരിമറി നടത്തുകയും ചെയ്യാറുണ്ട്. നോട്ട് അസാധുവാക്കല്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിച്ചടക്കി ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി തന്നെയാണ് കഴിഞ്ഞ ഡിസംബറില്‍ അഹമ്മദാബാദില്‍ നടന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നത് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ അതേ പാദത്തില്‍ നിലവിലുണ്ടായിരുന്ന സംഖ്യകളെ

അവലംബമാക്കിയായിരിക്കണം. അന്നത്തെ കണക്കുകളില്‍ കൃത്രിമം ചേര്‍ത്തു അത് കൂടുതല്‍ താഴ്ത്തിക്കാണിച്ചു നടപ്പു വളര്‍ഷത്തെ വളര്‍ച്ച പെരുപ്പിച്ചു കാണിക്കാറുണ്ടെന്ന് പ്രഫ. പ്രഭാത് പട്‌നായിക്കിനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച അവകാശവാദങ്ങളെ മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ധനകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തുടങ്ങിയവരും ചോദ്യം ചെയ്യുകയും കണക്കില്‍ കൃത്രിമം ആരോപിക്കുകയും ചെയ്തിരുന്നുവെന്നതും ശ്രദ്ധേയമാണ്.

Latest