ഭീകരര്‍ക്കെതിരെ നടപടിയില്ല; പാക്കിസ്ഥാനുള്ള 300 മില്യണ്‍ ഡോളര്‍ സഹായം അമേരിക്ക റദ്ദാക്കി

Posted on: September 2, 2018 12:33 pm | Last updated: September 2, 2018 at 9:26 pm

വാഷിങ്ടണ്‍: ഭീകരര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പാക്കിസ്ഥാന് പ്രഖ്യാപിച്ച 300 മില്യണ്‍ ഡോളറിന്റെ ധനസഹായം റദ്ദാക്കുന്നതായി അമേരിക്കന്‍ സൈന്യം. തീവ്രവാദത്തെ നിയന്ത്രിക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെടുന്ന എന്ന കാരണത്താലാണ് നടപടിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നിലവില്‍ മോശമായിക്കൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാകും.

സഖ്യകക്ഷി പിന്തുണ ഫണ്ടെന്നാണ് ഈ ധനസഹായം അറിയപ്പെടുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോഡും ഇസ്്‌ലാമാബാദിലേക്ക് പോകാനിരിക്കെയാണ് സൈന്യം ധനസഹായം റദ്ദാക്കുന്നത്. യു എസ് കോണ്‍ഗ്രസിന്റെ അനുമതിയോടെ ഈ തുക മറ്റ് ആടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

പാക്കിസ്ഥാന് സഹായം നല്‍കാനുള്ള തീരുമാനത്തെ നേരത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. പാക്കിസ്ഥാനില്‍നിന്നും നുണയും ചതിയുമാണ് ലഭിക്കുന്നതെന്ന് ആരോപിച്ച് ഈ വര്‍ഷം ആദ്യം പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തലാക്കിയിരുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് യു എസ് വാദം.