ദുരിതാശ്വാസ സാധനങ്ങള്‍ ചുമലിലേറ്റി മന്ത്രി രവീന്ദ്രനാഥ് ; വീഡിയോ വൈറലാകുന്നു

Posted on: August 28, 2018 3:52 pm | Last updated: August 28, 2018 at 7:49 pm

കോഴിക്കോട്: പ്രളയത്തിലമര്‍ന്ന കേരളം പതിയെ സാധാരണനിലയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് . ഇതിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത് പതിനായിരങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ നിരവധി വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടതുമാണ്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ വലിയ പ്ലാസ്റ്റിക് ചാക്കിലാക്കി ചുമലില്‍ ചുമന്ന് നീങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മാധ്യമപ്രവര്‍ത്തകനായ സാക്ക ജേക്കബ് ആണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെമിസ്ട്രി പ്രൊഫസര്‍കൂടിയായ മന്ത്രിക്ക് എറണാകുളത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയായിരുന്നുവെങ്കിലും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ത്യശൂരില്‍ കുടുങ്ങിയപ്പോഴാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേര്‍പ്പെട്ടത്. ബാഹുബലിയെപ്പോലെയാണ് മന്ത്രി സാധനങ്ങള്‍ ചുമലില്‍ ചുമക്കുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍വരെ വാഴ്ത്തുന്നത്.