Connect with us

Kerala

യുഎഇ ധനസഹായത്തിന്റെ കാര്യത്തില്‍ അവ്യക്തതയില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായത്തിന്റെ കാര്യത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇരു നേതാക്കളുമാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ലുലു ഗ്രൂപ്പ് എം എ യൂസുഫലിയാണ് ഇക്കാര്യം തന്നെ അറിയിച്ചത്. സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായം. പ്രധാനമന്ത്രിയുടെ ട്വീറ്റ് എല്ലാവരും കണ്ടതാണല്ലോയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് 2,287 ദുരിതാശ്വാസ ക്യാമ്പുകളിലായി 8.16 ലക്ഷം പേര്‍ കഴിയുന്നുണ്ട്.
ഈ മാസം എട്ട് മുതല്‍ 225 പേര്‍ മരിച്ചു. 1.31 ലക്ഷം വീടുകള്‍ വാസയോഗ്യമാക്കി, 14, 304 ട്രാന്‍സ്‌ഫോര്‍മറുകള്‍ പുനസ്ഥാപിച്ചു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഐടി വകുപ്പ് പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് ഏഴായിരത്തോളം വീടുകള്‍ പൂര്‍ണമായും 50,000 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇവ പൂര്‍ണമായും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയും.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി 10,000 രൂപ നല്‍കും. ക്യാമ്പുകളില്‍ നിന്ന് ഇതിനോടകം തന്നെ മടങ്ങിയവര്‍ക്കും ഈ തുക നല്‍കും. ദുരിതാശ്വാസത്തിന്റെ മറവില്‍ ചൂഷണം അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം മുതലെടുക്കുന്ന സ്വകാര്യ ഇടപാടുകള്‍ തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതോപാധി നഷ്ട്‌പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് ലഭിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. തിരുവോണ നാളിലും തന്റെ ഓഫീസ് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest