Connect with us

Gulf

കേരളീയരുടെ മാതൃക അത്ഭുതപ്പെടുത്തി; പ്രളയകാലത്തെ കേരളയാത്രാ അനുഭവങ്ങളുമായി സ്വദേശി യുവാവ്

Published

|

Last Updated

യഅ്ഖൂബ് ഹസന്‍ അല്‍ ബലൂശി കേരളത്തിലൊരിടത്തെ തേയിലത്തോട്ടത്തില്‍

ദുബൈ: സഹജീവിയായ മനുഷ്യന്‍ ദുരിതത്തില്‍പെടുമ്പോള്‍ അതിലെങ്ങനെ ഇടപെടണമെന്നതിന് തികഞ്ഞ മാതൃകയാണ് കേരള ജനതയെന്ന് തനിക്ക് അനുഭവപ്പെട്ടതായി ഇമാറാത്തി യുവാവ്. അബുദാബി സ്വദേശിയായ യഅ്ഖൂബ് ഹസന്‍ അല്‍ ബലൂശിയാണ്, പ്രളയക്കാലത്ത് കേരളത്തിലകപ്പെട്ട തന്റെ “പ്രളയകാല” അനുഭവങ്ങള്‍ പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചത്. പ്രാദേശിക അറബ് പത്രമാണ് കഴിഞ്ഞ ദിവസം യുവാവിന്റെ അനുഭവം പ്രസിദ്ധീകരിച്ചത്.

നേരത്തെ നാലുതവണ കേരളത്തില്‍ കുടുംബസമേതമുള്ള അവധിക്കാലം ചെലവഴിച്ച അല്‍ബലൂശി, കേരളത്തിന്റെ പ്രകൃതിഭംഗിയും അവിടുത്തെ ജനതയുടെ സമീപനങ്ങളും വളരെയേറെ ഹൃദ്യമായതിനാലാണ് ഇത്തവണയും അവധിക്കാലം ചെലവഴിക്കാന്‍ കേരളം തന്നെ തിരഞ്ഞെടുക്കുന്നത്. ഒമ്പത് ദിവസത്തേക്ക് പദ്ധതിയിട്ട ഇപ്രാവശ്യത്തെ തന്റെയും കുടുംബത്തിന്റെയും യാത്ര കൊച്ചി, മൂന്നാര്‍, ഇടുക്കി എന്നിവിടങ്ങളില്‍ ചിലവഴിക്കാനായിരുന്നു ഉദ്ദേശമെന്ന് യുവാവ് വിശദീകരിക്കുന്നു. “കൊച്ചിയിലെത്തിയ ദിവസം തന്നെ മുന്‍അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയില്‍ ചില മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു. രണ്ടാം ദിവസം കൊച്ചിയില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രാ ദൂരമുള്ള മൂന്നാറിലേക്ക് തിരിച്ചു. രാവിലെ മുതല്‍ മഴ തുടങ്ങിയിരുന്നെങ്കിലും കേരളത്തിന്റെ പതിവുരീതിയെന്ന് മാത്രമേ തോന്നിയുള്ളു. മൂന്നാറിന്റെ അതിര്‍ത്തിയിലെത്തുമ്പോള്‍ “ഒരു തുള്ളിക്കൊരു കുടം” മഴ വര്‍ഷിക്കാന്‍ തുടങ്ങി. ഇതും ആദ്യമൊക്കെ കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ തുടങ്ങി. പക്ഷെ, മിനിറ്റുകള്‍ പിന്നിട്ടതും ഇതൊരു മഹാകെടുതിയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഭയന്നു”, അല്‍ ബലൂശി വിശദീകരിക്കുന്നു.
പ്രളയം കൊടുമ്പിരികൊണ്ട ദിവസങ്ങളില്‍ പ്രദേശത്തുനടന്ന ഭീതിതമായ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും താനും കുടുംബവും സാക്ഷികളായി. പലയിടങ്ങളിലും മരങ്ങളും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടു. അവിടങ്ങളിലൊക്കെ തദ്ദേശീയരായ ജനസമൂഹം ജാതിയും മതവും നോക്കാതെ തോളോടുതോളു ചേര്‍ന്ന് വഴികള്‍ സഞ്ചാരയോഗ്യമാക്കുന്നതും കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതും തന്നെ ആശ്ചര്യപ്പെടുത്തി. ഇതില്‍ മനം കുളിര്‍ത്ത ഞാനും എന്റെ മുതിര്‍ന്ന മക്കളും ദുരിത നിവാരണ പ്രവര്‍ത്തികളില്‍ പങ്കാളികളായി.

ദുരിത ബാധിത പ്രദേശങ്ങളില്‍ പോലീസിനേയും പട്ടാളത്തേയും കാത്തുനില്‍ക്കാതെ സാധാരണക്കാരായ ഓരോരുത്തരും സ്വയം രക്ഷകരായി അവതരിച്ച് ജനസേവനം കാഴ്ചവെച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നെന്നും യഅ്ഖൂബ് അല്‍ ബലൂശി വിശദീകരിക്കുന്നു. തങ്ങളുടെ കൈവശമുള്ളതെന്തും പ്രളയത്തിലകപ്പെട്ട ദുരിതബാധിതര്‍ക്ക് നല്‍കാന്‍ കേരള ജനത കാണിച്ച ആവേശം ഏതൊരു മനുഷ്യസ്‌നേഹിയേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. താനും തന്റെ കുടുംബവും തങ്ങളുടെ കൈവശമുള്ളതെല്ലാം ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും വാങ്ങിനല്‍കാന്‍ വിനിയോഗിച്ചു. ഗതാഗത തടസ്സം നീക്കാനും പ്രളയബാധിതരെ കൈപിടിക്കാനും അതിലൂടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് പഠിപ്പിച്ച വലിയൊരു നന്മയില്‍ പങ്കാളിയാവാനും ഇപ്രാവശ്യത്തെ “കേരളയാത്ര”യില്‍ സാധിച്ചെന്ന് അല്‍ ബലൂശി വ്യക്തമാക്കി.
കേരളം പൂര്‍വ സ്ഥിതിയിലാകാന്‍ വന്‍തുക ചിലവഴിക്കേണ്ടതുണ്ടെന്നതിനാലും അവിടുത്തെ ജനത എല്ലാ അര്‍ത്ഥത്തിലുമുള്ള സഹായങ്ങള്‍ക്കര്‍ഹരായതിനാലും, ഇമാറാത്തിലുള്ള സ്വദേശികളും വിദേശികളും അവിടേക്ക് സഹായ ഹസ്തം നീട്ടണമെന്നും അല്‍ ബലൂശി ആവശ്യപ്പെട്ടു.

Latest