പ്രളയം : തമിഴ് പെണ്‍കുട്ടി കേരളത്തിനായി വെച്ചുനീട്ടിയത് സ്വന്തം ജീവന്‍

Posted on: August 22, 2018 1:53 pm | Last updated: August 22, 2018 at 5:05 pm
SHARE

ട്രിച്ചി: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ ജീവിത ചിത്രങ്ങള്‍ ടിവി ചാനലുകളിലൂടെ കണ്ടുനിന്ന തമിഴ്‌നാട്ടിലെ 12കാരി പെണ്‍കുട്ടി കേരളത്തിനായി വെച്ചുനീട്ടുന്നത് അവളുടെ ജീവന്‍ തന്നെയാണ്. ഗുരുതരമായ ഹ്യദ്രോഗം ബാധിച്ച തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ നിന്നുള്ള അക്ഷയയാണ് തന്റെ ഹ്യദയ ശസ്ത്രക്രിയക്കായി സുഹ്യത്തുക്കളും നാട്ടുകാരും സ്വരൂപിച്ച പണത്തില്‍നിന്നും ഒരു പങ്ക് കേരളത്തിലെ ദുരിതാശ്വാസത്തിനായി നല്‍കിയത്.

കുമാരപാളയത്തിലെ ദരിദ്ര ഗ്രാമത്തില്‍നിന്നുള്ള ഈ പെണ്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് രണ്ടര ലക്ഷം രൂപ വേണം. ഇതിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ധനശേഖരണം നടത്തിവരികയാണ്. ഇതിനിടെയാണ് കേരളത്തിലെ പ്രളയക്കെടുതികള്‍ ടിവിയിലൂടെ അക്ഷയ കാണുന്നത്. ദ്യശ്യങ്ങള്‍ കണ്ട് തകര്‍ന്നുപോയ അക്ഷയ തന്റെ ചികിത്സക്കായി സ്വരൂപിച്ച പണത്തില്‍നിന്നും ഒരു പങ്ക് നല്‍കാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നും സന്തോഷത്തോടെയാണ് പണം നല്‍കുന്നതെന്നും മാതാവ് ജോതിമണി പറഞ്ഞു. നവംബറില്‍ നടക്കേണ്ട ശസ്ത്രക്രിയക്ക് രണ്ടര ലക്ഷം വേണമെങ്കിലും ഇതുവരെ 20,000 രൂപയെ സ്വരൂപിക്കാനായിട്ടുള്ളു. ഇതില്‍നിന്നാണ് 5,000 രൂപ കേരളത്തിന് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തന്റെ ആദ്യ ശസ്ത്രക്രിയക്ക് മൂന്നര ലക്ഷം ചിലവായെന്നും ഇതിനായി കേരളത്തില്‍നിന്നുള്ള പലരും തന്നെ സഹായിച്ചിരുന്നുവെന്നും അക്ഷയ പറയുന്നു. ശസ്ത്രക്രിയ തിയ്യതിക്ക് മുമ്പായി തനിക്ക് മുഴുവന്‍ പണവും സ്വരൂപിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അക്ഷയ പറഞ്ഞു. ആറ് വര്‍ഷം മുമ്പ് അപകടത്തില്‍ പിതാവിനെ നഷ്ടമായ അക്ഷയയുടെ ആദ്യ ശസ്ത്രക്രിയ പൊതുജനങ്ങള്‍ സഹായം നല്‍കിയാണ് നടത്തിയത്. കുമാരപാളയത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ അക്ഷയക്ക് ഭാവിയില്‍ ഐഎഎസ് ഓഫീസറാകാനാണ് ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here