Connect with us

Gulf

40 വര്‍ഷം അനധികൃത താമസം: ഖാലിദമുസ്തഫക്ക് ഒഴിവാക്കിക്കൊടുത്തത് 14 ലക്ഷം ദിര്‍ഹമിന്റെ പിഴ

Published

|

Last Updated

അജ്മാന്‍: ഭരണാധികാരികള്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നും നിരവധിപേരാണ് ദൈനംദിനം വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. എത്രവര്‍ഷം നീണ്ട അനധികൃത വാസിയാണെങ്കിലും പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അതിഥിയെപ്പോലെ സ്വീകരിച്ച് ആവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് അപേക്ഷകര്‍ തിരിച്ചുപോകുന്നത്. പാകിസ്ഥാന്‍ സ്വദേശിനിയായ ഖാലിദ മുസ്തഫ അബ്ദുല്‍ മുത്തലിബ് ഭരണാധികാരികളുടെ പരിധിയില്ലാത്ത കനിവിന് മികച്ച ഉദാഹരണമാണ്.

1978ല്‍ യു എ ഇയില്‍ ജനിച്ച ഖാലിദ അന്ന് മുതല്‍ കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്ത് അനധികൃത താമസക്കാരിയാണ്. അജ്മാനില്‍ താമസക്കാരിയായ തന്റെ പൗരത്വം തെളിയിക്കാന്‍ നാലുപതിറ്റാണ്ടായി ഖാലിദയുടെ കയ്യില്‍ രേഖകളൊന്നുമില്ല. ആകെയുള്ളത് 40 വര്‍ഷം മുമ്പ് ജനിച്ച ദുബൈയിലെ ഒരു ആശുപത്രിയില്‍ നിന്നും ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റ് മാത്രം. കഴിഞ്ഞ ദിവസം പ്രാദേശിക അറബ് പത്രമാണ് ഖാലിദയുടെ പൊതുമാപ്പ് അനുഭവം പുറംലോകത്തെത്തിച്ചത്.
1978ല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവിന് ജനിച്ച ഖാലിദക്ക് പിതാവ് പാസ്‌പോര്‍ട്ട് എടുത്തിരുന്നുവെന്ന് ബന്ധു സ്ഥിരീകരിച്ചു. ജനിച്ച് ദിവസങ്ങള്‍ക്കകം വാര്‍ഷിക അവധിക്ക് നാട്ടില്‍പോയ പിതാവ് അവിടെ മരണപ്പെട്ടു.

നിലവിലുണ്ടായിരുന്ന കുടുംബത്തിന്റെ താമസസ്ഥലം മാറുന്നതിനിടയില്‍ ഖാലിദയുടെ പാസ്‌പോര്‍ട് നഷ്ടപ്പെടുകയായിരുന്നു. അന്നുമുതല്‍ കഴിഞ്ഞ ദിവസം വരെ 40 വര്‍ഷക്കാലം പൗരത്വം തെളിയിക്കുന്ന രേഖകളൊന്നുമില്ലാതെയാണ് ഖാലിദ കഴിഞ്ഞുവന്നിരുന്നത്. പാസ്‌പോര്‍ട്ടും താമസ രേഖകളുമെല്ലാമുള്ള തന്റെ മൂത്ത സഹോദരിമാരുടെ കൂടെ അജ്മാനില്‍ താമസിച്ചുകൊണ്ടിരിക്കേയാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ച വിവരം ഖാലിദ അറിയുന്നത്.
വലിയ ഉള്‍ഭയത്തോടെയായിരുന്നു ഖാലിദ അജ്മാനിലെ പൊതുമാപ്പ് സേവനകേന്ദ്രത്തിലെത്തിയതെങ്കിലും ഉദ്യോഗസ്ഥരുടെ സ്വീകരണവും സമീപനങ്ങളും അവരുടെ മനസ്സ് തണുപ്പിച്ചു.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി പോലീസില്‍ നിന്ന് സാക്ഷ്യപത്രം സംഘടിപ്പിച്ച് തന്റെ രാജ്യത്തിന്റെ കോണ്‍സുലേറ്റില്‍ നിന്ന് പുതിയ പാസ്‌പോര്‍ടും കൈവശപ്പെടുത്തിയാണ് ഖാലിദ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയിരുന്നത്.
വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 40 വര്‍ഷക്കാലത്തെ അനധികൃത താമസത്തിന് പിഴയായി ഒടുക്കേണ്ട 14,16,000 ദിര്‍ഹം മാപ്പുനല്‍കി താമസം നേരെയാക്കാന്‍ അവസരമൊരുക്കുകയായിരുന്നു. ഭരണാധികാരികള്‍ക്ക് അകംനിറഞ്ഞ നന്ദി പറഞ്ഞാണ് ഖാലിദ സേവനകേന്ദ്രം വിട്ടത്.

Latest