പാമ്പുകള്‍ പൊഴിയുന്നിടം

Posted on: August 12, 2018 12:39 pm | Last updated: August 12, 2018 at 12:39 pm
SHARE

റന്റ് പോയപ്പോഴാണ് ലാലു വായിച്ചുകൊണ്ടിരുന്ന പുസ്തകമെടുത്ത് എറിഞ്ഞത്. അനസൂയ ഇതുകണ്ട് ചിരിയോടെ ചോദിച്ചു. ‘പുസ്തകത്തെ എഴുത്തുകാരന്‍ തന്നെ അനാദരിക്കുക? ഇതെവിടെ നിന്നാ ലാലു പഠിച്ചത്.’
അവന് വല്ലാത്ത ജാള്യം തോന്നി. പുസ്തകം എറിഞ്ഞതിലല്ല, അതവള്‍ കണ്ടതാണ് പ്രശ്‌നം. ഒരിക്കലും ചെയ്യരുതായിരുന്നു- അവന്‍ സ്വയം തന്നെ പലകുറി പറഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെയൊരു കൃത്യം ചെയ്യാനുണ്ടായ സാഹചര്യത്തെ അവന്‍ ശപിക്കുകയും ചെയ്തു. രാത്രി കറന്റ് പോയാല്‍ പിന്നെ വരില്ല. ചൂടിനോടും കൊതുകിനോടും പൊരുതി തളര്‍ന്നുറങ്ങുകയേ നിവൃത്തിയുള്ളൂ. ശക്തിയായ ഒരു കാറ്റ് വീശിയാല്‍ മതി കറന്റ് നിലയ്ക്കാന്‍. പട്ടണത്തില്‍ ജീവിച്ചതുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുമായി അവന് പൊരുത്തപ്പെടാനാകാറില്ല.
അനസൂയ അങ്ങനെയല്ല. എന്തിനോടും എളുപ്പം ഇണങ്ങുന്നവള്‍. വഴിവിളക്കുകള്‍ പോലുമില്ലാത്ത നാട്ടിന്‍പുറത്ത് താമസിക്കുവാന്‍ അവന്‍ മുതിര്‍ന്നത് അനസൂയയുടെ നിര്‍ബന്ധം കൊണ്ടാണ്.
‘ഇവിടെ ജീവിക്കുന്നതിലൊരു ത്രില്ലില്ലേ ലാലൂ..’
ത്രില്ല്. കുന്തം. അനസൂയക്ക് ഭ്രാന്താ. പകല്‍ കൊള്ളാം. പക്ഷെ രാത്രി അണ്‍സഹിക്കബ്ള്‍. നടവഴികളില്‍ ഇഴജന്തുക്കളെ കണ്ടതായി പലരും പറയാറുണ്ട്. പ്രത്യേകിച്ചും പാമ്പിനെ.. പാമ്പിനെ ഭയമാണവന്. പാമ്പുമായി അഭിമുഖം വരാന്‍ ഇടയാകരുതേയെന്ന് അവന്‍ നിരന്തരം പ്രാര്‍ഥിക്കാറുണ്ട്.
‘പാമ്പൊരു സാധു ജീവിയല്ലേ ലാലൂ, അതിനെ അറ്റാക്ക് ചെയ്യുമ്പോഴേ അതും അറ്റാക്ക് ചെയ്യൂ. പ്ലീസ് ലീവ് ഇറ്റ്..’
‘നീ ടി വിയില്‍ ജ്യോഗ്രഫി ചാനലൊക്കെ കാണണം. അതൊരു നല്ല എക്‌സ്പീരിയന്‍സാകും.’
അവന്‍ കാണാന്‍ ആഗ്രഹിക്കാത്തൊരു ചാനലാണത്.
തീന്‍മേശയില്‍ ആഹാരം കൊണ്ടുവെച്ച ശേഷം അവള്‍ ടി വി ഓണ്‍ ചെയ്തു.
ടി വിയിലപ്പോള്‍ പാമ്പുകള്‍ ഇഴയുന്നു. ഇണ ചേരുന്നു. ഇര തേടുന്നു…
‘നീയൊന്ന് ഓഫ് ചെയ്യുന്നുണ്ടോ അനസൂയേ..’
‘പ്ലീസ് ലാലു..’
അന്ന് വല്ലാത്ത വിശപ്പുണ്ടായിട്ടും അവളുടെയീ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് ആഹാരത്തിന് മുന്നില്‍ നിന്ന് അറപ്പോടെ എഴുന്നേറ്റ് പോരുകയായിരുന്നു.
അവര്‍ താമസിക്കുന്ന വീടിനടുത്ത് തന്നെയൊരു സര്‍പ്പക്കാവുണ്ട്. അവിടെ ചില രാത്രികളില്‍ വിളക്ക് വെക്കുന്നത് കാണാം.
ഇരുട്ടിലീ വെളിച്ചം കാണുമ്പോള്‍ നക്ഷത്രങ്ങളാല്‍ സമൃദ്ധമായ ആകാശം പോലെ തോന്നും. ആ വഴി രാത്രികളില്‍ വരുമ്പോള്‍ കാലുകള്‍ നിലത്ത് ആഞ്ഞടിച്ചാണ് നടക്കുക. അങ്ങനെ ചെയ്താല്‍ പാമ്പുകള്‍ വഴിയില്‍ നിന്ന് മാറുമെന്ന് അയാളൊരിക്കല്‍ റേഡിയോയില്‍ കേട്ടിരുന്നു. അവന്‍ എഴുന്നേറ്റ് മുറിയിലെ ജനാലകള്‍ തുറന്നു. എവിടെയോ മഴ പെയ്യുന്നുണ്ടെന്ന സൂചനയുമായി തണുത്ത കാറ്റ് മുറിക്കുള്ളിലേക്കും ഇഴഞ്ഞുകയറി, ഇടിയും മിന്നലുമില്ലാത്ത എന്നാല്‍ കാറ്റുള്ള ഒരു മഴ ഇവിടെയും പെയ്‌തെങ്കിലെന്ന് അവന്‍ ആശിച്ചു.
‘ലാലൂ രണ്ട് മെഴുകുതിരികളേ ഉള്ളൊട്ടോ..’

അനസൂയയുടെ തൊണ്ടകീറിയുള്ള ശബ്ദം അവന്റെ കാതിലെത്തി. മെഴുകുതിരി. തന്റെ ഇഷ്ടപ്പെട്ട വസ്തു. അല്ലെങ്കില്‍ താന്‍ തന്നെ ഒരു മെഴുകുതിരി മുറിച്ചുവെച്ചതല്ലേ. ആദ്യ ഭാര്യ മരിച്ച ശേഷമാണ് അവന്‍ അനസൂയയെ കൂടെകൂട്ടിയത്. ഉണര്‍ന്നാല്‍ ഉറങ്ങുംവരെ ചെവിതല തരാതെ കുറ്റത്തോടുകുറ്റം പറച്ചില്‍. ഒരു മകളുണ്ടായിട്ടും അവളൊന്നു മരിച്ചുകിട്ടണമേയെന്ന് പ്രാര്‍ഥിച്ചു പോകുംമാതിരി ശല്യപ്പെടുത്തല്‍. ഒരു ദിവസം ലാലുവിന്റെ ചെവിക്ക് സൗര്യമുണ്ടായി. മകളെയാകട്ടെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് നല്‍കി. മകളെ അവരെയേല്‍പ്പിച്ച് പോകുമ്പോള്‍ അവള്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ; അമ്മയുടെ ഫോട്ടോ.

അതോടെ മൂഡ് നഷ്ടപ്പെട്ട് ലാലു പുറത്തേക്കിറങ്ങി. രാത്രി ജനിച്ചിട്ടേയുണ്ടായിരുന്നതിനാല്‍ പാമ്പുപേടിയില്ലാതെയാണ് ഹൈവേയുടെ ഓരത്തെത്തിയത്. മരണവേഗത്തിലോടുന്ന വാഹനങ്ങളെ കുറേനേരം നോക്കിനിന്നു. പിന്നെ ക്ഷേത്രത്തിലെ ആല്‍ത്തറയില്‍ ചെന്നിരുന്നു. കൂട്ടില്‍ ചേക്കേറുന്ന പക്ഷികളുടെ കലപില ശബ്ദങ്ങള്‍. പരാതിയുടെയും കുറ്റപ്പെടുത്തലുകളുടെയും ചീത്തവിളികളുടെയും ശണ്ഠയുടെയും പ്രളയങ്ങളാണോ അതോ പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും ശബ്ദങ്ങളാണോ ഈ പക്ഷിക്കൂട്ടങ്ങളുടെത്. ആര്‍ക്കറിയാം. പക്ഷികളുടെയും മൃഗങ്ങളുടെയും പ്രാണികളുടെയുമൊക്കെ ഭാഷ മനുഷ്യനെങ്ങാന്‍ മനസ്സിലായിരുന്നെങ്കില്‍ ഈ ലോകം തന്നെ ഇങ്ങനെയായിരിക്കില്ലെന്ന് ലാലു ആലോചിച്ചു. വേദപുസ്തകത്തിലെ സോളമന്‍ അന്നേരം ഓര്‍മയിലെത്തി. ഓരോന്ന് ആലോചിച്ച് വീട്ടിലേക്ക് തന്നെ നടന്നു. അധികം വൈകരുത്.. വൈകിയാല്‍ പാമ്പ്.. പാമ്പിനെ കണ്ട അറപ്പോടെ അയാള്‍ പാമ്പുചിന്തയില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ചു. പക്ഷേ, അവ ഇഴഞ്ഞിഴഞ്ഞ് കാലിലൂടെ ശരീരത്തിലേക്ക് പടര്‍ന്നുകയറുകയാണ്. വഴുവഴുപ്പുള്ള ശല്‍ക്കങ്ങളുടെ ഇഴച്ചില്‍ സഹിക്കാനാകാതെ അയാള്‍ ആര്‍ത്തുവിളിച്ചു. കറുകറുത്ത ചര്‍മത്തില്‍ വെള്ളിയരഞ്ഞാണവും വെള്ളിമാലയുമൊക്കെ ധരിച്ച് ചുറ്റിപ്പിണഞ്ഞ് മേല്‍പ്പോട്ട് അരിച്ചുകയറുന്നു. അടിവയറ്റില്‍ നിന്ന് പുറപ്പെട്ട ശബ്ദം തൊണ്ടക്കുഴിയില്‍ കെട്ടിക്കിടക്കുന്നു. തൊലികടന്ന് മാംസപേശിയിലേക്ക് അതിന്റെ പല്ലുകള്‍ ആഴ്ന്നിറങ്ങാന്‍ തുടങ്ങിയതും അയാളുടെ ബോധത്തിന്റെ അടരുകള്‍ എവിടെയോ പോയ് ഒളിച്ചു.
.