ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്ക് അധിക്ഷേപം; ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറിക്കെതിരെ അന്വേഷണം

Posted on: August 11, 2018 12:19 am | Last updated: August 11, 2018 at 12:19 am

ലണ്ടന്‍: ബുര്‍ഖ ധരിച്ച മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെതിരെ അന്വേഷണം നടത്തും. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാണ് ഇദ്ദേഹത്തിനെതിരെ അന്വേഷണം ഉണ്ടാകുകയെന്നും ഈവനിംസ് സ്റ്റാന്റേര്‍ഡ് ന്യൂസ് പേപ്പര്‍ വാര്‍ത്ത പുറത്തുവിട്ടു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം പിയാണ് ബോറിസ് ജോണ്‍സണ്‍. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ചിലപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് നൂറുകണക്കിന് മുസ്‌ലിം സ്ത്രീകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ബ്രാന്‍ഡന്‍ ലീവിസിന് പരാതി നല്‍കിയിരുന്നു.

ബ്രാന്‍ഡന്‍ ലീവിസും ജോണ്‍സന്റെ പരാമര്‍ശത്തെ അപലപിച്ചിരുന്നു. ബുര്‍ഖ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ബേങ്ക് കൊള്ളക്കാരോടും ലെറ്റര്‍ ബോക്‌സിനോടും ഉപമിച്ച് അദ്ദേഹം നടത്തിയ വിവാദ പരാമര്‍ശം ബ്രിട്ടനില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട്. ബോറിസ് ജോണ്‍സന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബ്രിട്ടനിലെ മുസ്‌ലിം സംഘടനകളും വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ബോറിസ് ജോണ്‍സനെ അപലപിച്ചിരുന്നു.

ഏതെങ്കിലും വസ്ത്രത്തിന്റെ പേരില്‍ അത് ധരിക്കുന്നവരെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അത് പറയരുതായിരുന്നു എന്നുമാണ് തെരേസ് മെയ് ഇതിനോട് പ്രതികരിച്ചത്. ഇസ്‌ലാമോഫോബിയയുടെ ഭാഗമായാണ് ബോറിസ് ജോണ്‍സന്റെ ഈ പരിഹാസമെന്ന് ബ്രിട്ടനിലെ മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടി.