അവരോട് പൊരുതുക

Posted on: August 9, 2018 1:31 pm | Last updated: August 9, 2018 at 1:31 pm
SHARE

ഇസ്‌റാഈല്‍ പൗരയായ അറബ് വനിതയാണ് ദാരീന്‍ ത്വാത്വൂര്‍. ഫേസ്ബുക്കില്‍ കവിത പങ്കുവെച്ചതിന് ത്വാത്വൂറിനെ കഴിഞ്ഞ ദിവസം നസ്‌റേത്ത് ജില്ലാ കോടതി അഞ്ച് മാസത്തെ ജയില്‍ശിക്ഷക്ക് വിധിച്ചു. ശിക്ഷക്ക് കാരണമായ കവിതയിതാ..

അവരോട്
പൊരുതുക

ഹേ, ഫലസ്തീനികളെ.
അവരോട് പൊരുതിനില്‍ക്കുക നിങ്ങള്‍.
ജെറുസലേമില്‍
ഞാനന്റെ മുറിവുകള്‍ കെട്ടി
ദുഃഖങ്ങളെ ശ്വസിച്ചുവിടുന്നു.
എന്റെ ഹൃദയം
ഞാന്‍ കൈകളില്‍ എടുത്തിരിക്കുന്നു.
എന്തെന്നാല്‍,
ഞാനൊരു അറബ് ഫലസ്തീനിയാണ്.
എനിക്കാവില്ല
അവരുടെ ‘സമാധാന ഉടമ്പടികള്‍’ക്ക് വഴങ്ങാന്‍.
എന്റെ മണ്ണില്‍ നിന്നും
അവരെ കുടിയിറക്കുന്നതുവരെ
ഞാനെന്റെ പതാക
താഴ്ത്തിക്കെട്ടുകയുമില്ല.
ഹേ, ഫലസ്തീനികളെ
അവരോട് പൊരുതിനില്‍ക്കുക
അവര്‍ അതിക്രമികളായ കൊള്ളക്കാരാണ്.
രക്തസാക്ഷികളുടെ കൂട്ടത്തെ
നിങ്ങളും പിന്തുടരുക.
ലജ്ജാകരമായ ആ ഭരണഘടന
തുണ്ടുതുണ്ടായി കാറ്റില്‍ പറത്തുക.
അത്,
അനീതിയുടെയും വേര്‍തിരിവിന്റെതുമാണ്.
അവര്‍ കൊന്നുതള്ളിയ
നിഷ്‌കളങ്കരായ കുട്ടികള്‍
സൂര്യവെളിച്ചത്തില്‍
പിച്ചിചീന്തിയ ഹാദില്‍ എന്ന പെണ്‍കുട്ടി
മറക്കരുതൊന്നും നിങ്ങള്‍.
അധിനിവേശക്കാരായ ആ അക്രമികളെ
തുരുത്തിയോടിക്കുക.
പേടിക്കരുത് നിങ്ങള്‍,
സംശയത്തിന്റെ നാവുകളെ.
എന്തെന്നാല്‍,
നിങ്ങളുടെ ഹൃദയത്തിലെ സത്യം ബലപ്പെട്ടതാണ്.
വിജയത്തിന്റെ മണ്ണില്‍
നിങ്ങള്‍ പൊരുതി നില്‍ക്കുക.
നിങ്ങള്‍ കേള്‍ക്കുന്നില്ലേ,
ഖബറിടത്തില്‍ നിന്നും അലിയുടെ വിളി.
ഒലീവ് മരത്തണലിരുന്ന്
നിങ്ങള്‍ എനിക്കെഴുതുക.
ഞാനെപ്പോഴും നിങ്ങള്‍ക്കൊപ്പമാണ്.
അതിനാല്‍,
പൊരുതുക പാലസ്തീനികളെ പൊരുതുക.

LEAVE A REPLY

Please enter your comment!
Please enter your name here