ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആള്‍രൂപം

ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും കലൈഞ്ജറുടെ രാഷ്ട്രീയ കുതിപ്പില്‍ ആയുധമായി. ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ കരുണാനിധി രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചത്. പിന്നീട് പെരിയാര്‍ ഇ വി രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി; ബ്രാഹ്മണവിരുദ്ധത കത്തിച്ചുനിര്‍ത്തി. സാമൂഹികനീതിയും പ്രാദേശിക വാദവുമുയര്‍ത്തി ഡി എം കെ തമിഴക രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചപ്പോള്‍ അതിന്റെ ആദര്‍ശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയു മായിരുന്നു.
എഡിറ്റർ ഇൻ ചാർജ് | [email protected]
Posted on: August 8, 2018 6:49 am | Last updated: August 8, 2018 at 1:09 am
SHARE

തമിഴ് രാഷ്ട്രീയം ആടിയുലയുമ്പോഴെല്ലാം ഒരു ഭാഗത്ത് നെഞ്ചുറപ്പോടെ ഉറച്ചു നിന്ന് ഒഴുക്കിനെതിരെ നീന്തി തമിഴ് ജനതയുടെ മനം കവര്‍ന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവാണ് മുത്തുവേല്‍ കരുണാനിധി. എതിരാളികളെ അമ്പരപ്പിക്കുന്ന രാഷ്ട്രീയ കരുനീക്കത്തിലൂടെ പല നിര്‍ണായക ഘട്ടങ്ങളിലും പ്രാദേശിക രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ പ്രയോഗികവത്കരിച്ച കരുണാനിധി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ തലപ്പത്ത് അരനൂറ്റാണ്ട് വാണുവെന്നത് തന്നെ അദ്ദേഹത്തിന്റെ അണികള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം അചഞ്ചലമായിരുന്നുവെന്ന് തെളിയിക്കുന്നതാണ്.

കൃത്യം 49 വര്‍ഷം മുമ്പ്, 1969 ജൂലൈ 27നാണു കരുണാനിധി ഡി എം കെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്രയും കാലം ഒരു പ്രധാന പാര്‍ട്ടിയുടെ തലപ്പത്ത് ഒരാള്‍ തുടരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം. വിജയത്തിലേക്കു മുന്നില്‍ നിന്ന് നയിക്കുകയും പ്രതിസന്ധികളില്‍ വഴികാട്ടുകയും ചെയ്ത പ്രിയ നേതാവാണ് കലൈഞ്ജര്‍ എന്ന് നാട്ടുകാര്‍ വിളിപ്പേരിട്ട കരുണാനിധി. കരുണാനിധിക്കു രാഷ്ട്രീയം തന്നെയാണ് ജീവിതം.
തിരുവാരൂരെന്ന കുഗ്രാമത്തില്‍ ജനിച്ചു രാജ്യത്തെ ഏറ്റവും കൂര്‍മ ബുദ്ധിയുള്ള രാഷ്ട്രീയ തന്ത്രജ്ഞനിലേക്കുള്ള ആ വളര്‍ച്ച ഓരോ ചുവടിലും പോരാടി തന്നെയായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും ആ കുതിപ്പില്‍ ആയുധമായി. ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ കരുണാനിധി രാഷ്ട്രീയത്തിലേക്ക് ആദ്യചുവടു വെച്ചത്. പിന്നീട് പെരിയാര്‍ ഇ വി രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി.

അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയാറും പ്രിയ ശിഷ്യന്‍ അണ്ണാദുരൈയും വഴിമാറിയപ്പോള്‍ കരുണാനിധി അണ്ണാദുരൈക്കൊപ്പം ഉറച്ചുനിന്നു. സാമൂഹികനീതിയും പ്രാദേശിക വാദവുമുയര്‍ത്തി ഡി എം കെ തമിഴക രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചപ്പോള്‍ അതിന്റെ ആദര്‍ശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിന് ശേഷം, 1969ല്‍ അണ്ണാദുരൈ വിടവാങ്ങിയപ്പോള്‍ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ നെടുഞ്ചെഴിയനുള്‍പ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു.

എം ജി ആറിന്റെ കൂടി പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലേക്കു കരുണാനിധി നടന്നുകയറി. തൊട്ടുപിന്നാലെ, 1969 ജൂലൈ 27ന് ഡി എം കെയുടെ ആദ്യ പ്രസിഡന്റായി അവരോധിതനായി. പെരിയാര്‍ രാമസ്വാമിയോടുള്ള ആദരസൂചകമായി അണ്ണാദുരൈ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 1969 മുതല്‍ അഞ്ച് തവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരു പോലെ കണ്ടു. പഴയ സുഹൃത്ത് എം ജി ആര്‍ അണ്ണാ ഡി എം കെ രൂപവത്കരിച്ചതിനു പിന്നാലെ 10 വര്‍ഷം അധികാരത്തില്‍ നിന്ന് പുറത്തായി.

എങ്കിലും പാര്‍ട്ടിയെ ശക്തിയോടെ സ്വന്തം കീഴില്‍ നിര്‍ത്താന്‍ കരുണാനിധിക്കായി. എം ജി ആറിനു ശേഷം ജയലളിത വന്നപ്പോഴും ഡി എം കെ തലപ്പത്ത് തലയെടുപ്പോടെ കരുണാനിധിയുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് 2016 അവസാനം ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതുവരെ ഡി എം കെയുടെ അവസാന വാക്ക് കലൈഞ്ജറുടേതായിരുന്നു.

അഴിമതിയും കുടുംബ രാഷ്ട്രീയവുമൊക്കെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും തമിഴ് മനസ്സില്‍ കരുണാനിധി എക്കാലവും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈഞ്ജര്‍ ആയി തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here