Connect with us

Gulf

എം എം നാസറിന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സാക്ഷ്യ പത്രം

Published

|

Last Updated

അബുദാബി: സാമൂഹ്യ പ്രവര്‍ത്തകനും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയുമായ എം എം നാസറിന് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സാക്ഷ്യ പത്രം . സാമൂഹ്യ സേവന രംഗത്ത് കഴിഞ്ഞ കാലത്ത് നടത്തിയ പ്രവര്‍ത്തന മികവിന്റെ ഭാഗമാണ് സാക്ഷ്യ പത്രം നല്‍കിയത് . കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മൃതദേഹം കയറ്റി അയക്കല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ നാസര്‍ സജീവമായിരുന്നു. അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാറാണ് നിയമന ഉത്തരവ് നല്‍കിയത്. പുതിയ നിയമന ഉത്തരവ് ലഭിച്ചതോടെ എം എം നാസറിന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ പ്രതിനിധി എന്ന നിലയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ സാക്ഷ്യ പത്രം നാസറിന് കൈമാറി. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, അബുദാബി കേരള സോഷ്യല്‍ സെന്റര്‍, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ സജീവ പ്രവര്‍ത്തകനായ നാസര്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശിയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ, ബംഗ്‌ളാദേശ് , പാകിസ്ഥാന്‍, ശ്രീലങ്ക, തുടങ്ങിയ സ്വദേശികളുടെ 500 മുകളില്‍ മൃതദേഹമാണ് കയറ്റി അയച്ചതെന്ന് നാസര്‍ സിറാജിനോട് പറഞ്ഞു. 1993 ഡിസംബര്‍ ഒന്നിനാണ് നാസര്‍ ആദ്യമായി യു എ ഇ യിലെത്തിയത്. സഹോദരന്റെ ജവാസാത്ത് റോഡിലെ ബകാലയിലായിരുന്നു ജോലി. അഞ്ചു വര്‍ഷം സഹോദരന്റെ കീഴില്‍ ജോലി ചെയ്തതിന് ശേഷം അബുദാബിയിലെ ക്യാഷ് ക്ലബ് കമ്പനിയില്‍ െ്രെഡവറായും സെയില്‍സ്മാനായും ജോലി ചെയ്തതിന് ശേഷമാണ് നാസര്‍ സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞത്.
സ്വന്തം ബിസിനസിനിടയിലാണ് നാസര്‍ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത്.
മൃതദേഹം മാറിയത് കാരണം നാട്ടിലേക്ക് കയറ്റി അയക്കാന്‍ കഴിയാതിരുന്ന വയനാട് അമ്പലവയല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചതും, 40 ദിവസം അബുദാബി ശൈഖ് ഖലീഫ മോര്‍ച്ചറിയില്‍ സൂക്ഷിച്ച പട്ടാമ്പി സ്വാദേശിയുടെ മൃതദേഹത്തിന്റെ ബന്ധുക്കളെ തിരിച്ചറിഞ്ഞതും നാസറിന്റെ ശ്രമഫലമായിരുന്നു.

നാസറിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവനും നാസറിന്റെ പണം കൊണ്ടാണ് ചെയ്യുന്നത്, ഒരു പ്രവര്‍ത്തനങ്ങള്‍ക്കും നാസര്‍ പാരിതോഷികം കൈപറ്റാറില്ല. സാമൂഹ്യ സേവന രംഗത്തെ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാസര്‍ എല്ലാ പിന്തുണയും നല്‍കാറുണ്ടെന്നും നാസറിന്റെ ഇടപെടലുകള്‍ പ്രവര്‍ത്തനങ്ങള്‍ സുഖമമാകാറുണ്ടെന്നും എംബസി ഉദ്യോഗസ്ഥര്‍ പറയുന്നു. ഭാര്യ ഷാഹിനയുടെ പൂര്‍ണ പിന്തുണയാണ് സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് നാസര്‍ പറയുന്നു. അജാന്നൂര്‍ കടപ്പുറം സ്വാദേശി മൊയ്തീന്‍ കുഞ്ഞി, ഫാത്തിമ എന്നിവരുടെ മകനായ നാസറിന് ഫാത്തിമ നഷ , മുഹമ്മദ് താഷിഹ് , മുഹമ്മദ് നസീഹ് എന്നീ മൂന്ന് മക്കളുണ്ട്.

Latest