ഹജ്ജ്: ചില ചിന്തകള്‍

Posted on: August 3, 2018 10:57 am | Last updated: August 3, 2018 at 10:57 am

മുസ്‌ലിമിന് ഒഴിച്ചുകൂടാനാകാത്ത അഞ്ച് കാര്യങ്ങളാണ് ഇസ്‌ലാം കാര്യങ്ങള്‍. അതില്‍ അഞ്ചാമത്തേതും സുപ്രധാനമായതും ഹജ്ജ് നിര്‍വഹിക്കലാണ്. പൂര്‍വകാലം മുതലേ മഹാരഥന്മാര്‍ എത്തിയതും ആരാധനകളില്‍ തിരിഞ്ഞുനിന്നതുമായ വിശുദ്ധ ഗേഹത്തില്‍ ലോകമുസ്‌ലിംകള്‍ എത്തിച്ചേരുന്ന സംഗമമാണ് ഹജ്ജ്. പൂര്‍വികരുടെ സ്മരണകള്‍ അയവിറക്കുക, അവര്‍ ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുക, അവരോടുള്ള ഐക്യദാര്‍ഢ്യം പുലര്‍ത്തുക, അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക ഇതൊക്കെയാണ് ഹജ്ജിന്റെ ലക്ഷ്യം.
പ്രവാചകനായ ഇബ്‌റാഹീം നബി(അ)യുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിലെത്തി ഹാജര്‍ ബീവി(റ)യും ഇസ്മാഈല്‍ നബി(അ)യും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെയ്ത കാര്യങ്ങള്‍ ഒരാവര്‍ത്തി ചെയ്യുന്നതോടെ മാത്രമേ ഹജ്ജ് പൂര്‍ത്തിയാവൂ. നബി(സ) ഹജ്ജിന്റെ ഓരോ കര്‍മങ്ങള്‍ ചെയ്തപ്പോഴും അനുയായികള്‍ക്കായി വിവരിച്ച് കൊടുത്തത് ഈ സ്മരണകള്‍ അയവിറക്കിക്കൊണ്ടാണ്.

കഅ്ബാലയത്തിന് മുമ്പില്‍ ഒരു കല്ല് തനിച്ച് നില്‍ക്കുന്നു. കല്ലും മുള്ളും അടക്കം എല്ലാ വസ്തുക്കളും ഒഴിവാക്കി ശുചീകരിച്ച ഈ സ്ഥലത്ത് ഇനി ഒരു കല്ല് എന്തിന് അവശേഷിക്കുന്നു എന്ന് നബി(സ)യോട് ഉമര്‍ (റ) ചോദിച്ചു. നബി(സ) മറുപടി പറഞ്ഞു: ‘അത് നമ്മുടെ പൂര്‍വപിതാവ് ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)ഉം കഅ്ബാലയം പുതുക്കിപ്പണിത സമയത്ത് ഉയരം കിട്ടാന്‍ ഉപയോഗിച്ച കല്ലാണ്. ഉടനെ ഉമര്‍ (റ) അവിടെ വെച്ച് രണ്ട് റകഅത്ത് നിസ്‌കരിക്കാന്‍ ആശ പ്രകടിപ്പിച്ചു. നബി (സ) പറഞ്ഞു: ‘നിയമ നിര്‍മാണം അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വരണമല്ലോ. അത് പറയേണ്ട താമസം വഹ്‌യ് വന്നു. ‘നിങ്ങള്‍ മഖാമുഇബ്‌റാഹീം നിസ്‌കാരസ്ഥലമാക്കുക. ഹാജിമാര്‍ ത്വവാഫിന്റെ രണ്ട് റകഅത്ത് നിസ്‌കരിക്കേണ്ടത് ഈ കല്ലിന്റെ പിന്നില്‍ നിന്ന് കഅ്ബയിലേക്ക് തിരിഞ്ഞാണ്. സംസം, സഫാ-മര്‍വക്കിടയിലെ ഏഴ് തവണയുള്ള സഅ്‌യ്, മിനായില്‍ രാപാര്‍ക്കല്‍, മുസ്ദലിഫയില്‍ രാപാര്‍ക്കലും കല്ല് പെറുക്കലും, അറഫയിലെ നിര്‍ത്തം, ജംറകളിലെ കല്ലേറുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മുന്‍ഗാമികളുടെ സ്മരണകള്‍ അയവിറക്കലും അവരുടെ കാലടിപ്പാടുകളിലൂടെ സഞ്ചരിക്കലുമാണ്.
ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തുന്നത് വരെ ആശ്രിതര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം, വസിക്കാനുള്ള വീട് (വാടകക്കാണെങ്കിലും), മറ്റു അത്യാവശ്യ ചെലവുകള്‍ എന്നിവ കഴിച്ച് പോയിവരാനുള്ള ചെലവ് ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് ഒരാള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാണ്. പിന്നീട് അവന്‍ ദരിദ്രനായാലും മരണപ്പെട്ടാലും അനാരോഗ്യവാനായാലും നിര്‍ബന്ധമായ ബാധ്യത അവന്റെ മേല്‍ കടമായി അവശേഷിക്കും. അവര്‍ മരണപ്പെട്ടാല്‍ അനന്തരസ്വത്ത് ഓഹരി ചെയ്യുന്നതിന്റെ മുമ്പ് ഹജ്ജിന്റെ കാര്യം ചര്‍ച്ച ചെയ്യേണ്ടതാണ്. സ്ത്രീക്കും പുരുഷനും ഹജ്ജ് നിര്‍ബന്ധമാണ്. ഉംറ നിര്‍വഹിച്ചത് കൊണ്ട് ഹജ്ജിന്റെ കടമ വീടുകയില്ല. ആവര്‍ത്തനം സുന്നത്താണ്. ശാരീരികമായി തളര്‍ച്ച ബാധിക്കുന്നത് വരെ കാത്തിരിക്കല്‍ ഭീമാബദ്ധമാണ്. വിവാഹവും അതിലുണ്ടാകുന്ന മക്കളുടെ വിവാഹവും അവര്‍ക്കൊക്കെ വീടും വെച്ചിട്ട് പ്രയാധിക്യ സമയത്ത് മാത്രമാണ് ഹജ്ജ് എന്ന് തെറ്റിദ്ധരിച്ചവരുണ്ട്.
സാഹചര്യം ഉണ്ടായ ഒരാള്‍ ഹജ്ജ് ചെയ്തില്ലെങ്കില്‍ അയാള്‍ ജൂതനോ ക്രിസ്ത്യാനിയോ ആയി മരിച്ചുപോകട്ടെ എന്നാണ് നബി (സ)യുടെ താക്കീത്. കുട്ടികള്‍ക്ക് നിര്‍ബന്ധമില്ല. അതിനാല്‍ കുട്ടിക്കാലത്ത് ചെയ്തത് കൊണ്ട് ഒരാളുടെ ഹജ്ജ് വീടുകയില്ല. ഒരാള്‍ക്ക് പകരം ചെയ്യാന്‍ പോവുന്നയാള്‍ ആദ്യം സ്വന്തം ഹജ്ജ് ചെയ്തിരിക്കണം.

ഹജ്ജ് മറ്റു ആരാധനകളില്‍ നിന്നും വ്യത്യസ്തമാണ്. നിര്‍ബന്ധമായി ചൊല്ലേണ്ട ഒരു ദിക്‌റും ഹജ്ജിലില്ല. ഐച്ഛികമായി ചൊല്ലേണ്ട ഒരുപാട് സ്‌തോത്രങ്ങള്‍ ഉണ്ട് താനും. ഹജ്ജ് സംബന്ധിച്ച അറിവിനൊപ്പം പരിചയവും പ്രധാനമാണ്. ഒരു വഴികാട്ടിയായി സഹയാത്രികനോ അമീറോ സുഹൃത്തോ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്.
സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി വഴിപോകുന്നവര്‍ക്ക് ഹജ്ജ് ഹൗസില്‍ നിന്ന് വിമാനത്തിലെത്തുന്നത് വരെയുള്ള ക്ലാസുകളും ഉപദേശങ്ങളും സേവനങ്ങളും ലഭിക്കും. സഊദിയില്‍ വിമാനമിറങ്ങിയാല്‍ തിരിച്ച് വരുന്നത് വരെ രോഗങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉള്ളവരെ സഹായിക്കാന്‍ ഒന്നോ രണ്ടോ വളണ്ടിയര്‍മാര്‍ താമസ സ്ഥലത്തുണ്ടാവും. മിനാ, അറഫാ, മദീനാ യാത്രകള്‍ ശരിയാക്കാനും മറ്റു യാത്രകളുടെ സമയം അറിയിക്കാനും അവര്‍ ഉണ്ടാകും.
അതിനാല്‍ സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി വഴി പോകുന്നവര്‍ പരിചയമുള്ള ഒരാളെ കവറില്‍ കൂട്ടുന്നത് ഉപകരിക്കും. അല്ലെങ്കില്‍ ഒരു പ്രദേശത്ത് നിന്ന് പോകുന്നവര്‍ എല്ലാം ഒരു അമീറിനെ കൂടി കൊണ്ട് പോകാന്‍ ശ്രമിക്കുകയും അവരുടെ താമസം, വിമാനം, യാത്ര എല്ലാം ഏകീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

ഒരു വിമാനത്തില്‍ പോകുന്നവര്‍ക്ക് മിക്കവാറും ഒരു കൂട്ടമായാണ് താമസവും യാത്രയും മറ്റു കാര്യങ്ങളും ഉണ്ടാകുക. കഴിവതും ആ വിമാനത്തിലുള്ള പണ്ഡിതന്മാരെയോ നേരത്തെ ഹജ്ജ് ചെയ്തവരെയോ ബന്ധപ്പെടുന്നത് സഹായകരമാകും. സ്വന്തം ഹജ്ജിനൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതിലും ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ് മിക്കവരും.
ഹാജിമാര്‍ ഏറെക്കുറെ ഉംറയുടെ ഇഹ്‌റാമില്‍ നേരത്തെ യാത്രതിരിച്ച് മക്കയിലെത്തിയവരായിരിക്കും. അവര്‍ പ്രഥമ ഉംറ കഴിഞ്ഞ് മദീനാ യാത്രവരെയും അല്ലെങ്കില്‍ ദുല്‍ഹജ്ജ് വരെയും മക്കയിലുണ്ടാകും. ഈ സമയത്ത് ഉംറയും ത്വവാഫും ഇഷ്ടം പോലെ ചെയ്യാം. ഒന്നിലധികം ഉംറ പാടില്ലെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതിന് ചെവികൊടുക്കരുത്. പുണ്യത്തോടൊപ്പം ത്വവാഫും സഅ്‌യും സ്വഫാ-മര്‍വയും മസ്ജിദുല്‍ ഹറാമും കൂടുതല്‍ പരിചയിക്കാനുമാകും. പിന്നീട് ഹജ്ജിന്റെ കര്‍മങ്ങള്‍ ചെയ്യാന്‍ ആരും പറഞ്ഞു കൊടുക്കേണ്ടിവരില്ല.

വിലയേറിയ ദിനരാത്രങ്ങളായിരിക്കും വിശുദ്ധ ഹറമിലെ കാലയളവ്. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടവുമായിരിക്കും. കാരണം ഒരു റകഅത്തിന് ഒരു ലക്ഷം റകഅത്തിന്റെ പുണ്യമുള്ള സ്ഥലമാണത്. ലോകത്താദ്യം സ്ഥാപിതമായ കഅ്ബയും അതിനെ വലയം ചെയ്ത വിശാലമായി നില്‍ക്കുന്ന മസ്ജിദുല്‍ ഹറാമും അതിന് പുറമെ ഹറം എന്ന വിശാലമായ ഏരിയയും നമ്മുടെ കേന്ദ്രമായിരിക്കും. അവിടെവെച്ച് ശ്രദ്ധയോടെ നീങ്ങണം. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള ജനലക്ഷങ്ങള്‍ നമ്മുടെ സംസ്‌കാരത്തിനോടും ആചാരങ്ങളോടും യോജിക്കാത്ത പലതും ചെയ്യുന്നതായി കാണാം. പല വേഷത്തിലുമാവാം. അവരെ പഴിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. പുരുഷന്മാര്‍ കഴിവതും പള്ളിയില്‍ ജമാഅത്തിന് എത്തണം. പുണ്യസ്ഥലങ്ങളും ഉത്തരം കിട്ടുന്ന സ്ഥലങ്ങളും കഴിയുമെങ്കില്‍ ശ്രദ്ധിക്കണം.
ജന്നത്തുല്‍ മുഅല്ല, അവിടെയുള്ള മഖാമുകള്‍, ജബലുന്നൂര്‍, ഹിറാഗുഹ, സൗര്‍ഗുഹ, നബി(സ)യുടെ ജന്മസ്ഥലം അങ്ങനെ പലതും സന്ദര്‍ശിക്കാനുണ്ട്. കഴിവതും ഹജ്ജിന് മുമ്പ് ദീര്‍ഘയാത്രയും മറ്റും ഒഴിവാക്കാവുന്നതാണ്.
ദുല്‍ഹജ്ജ് 9 അറഫാ ദിനമാണ്. ഹജ്ജ് എന്നാല്‍ അറഫയാണെന്നാണ് തിരുവചനം. വര്‍ഷാവര്‍ഷം നടക്കുന്ന ഏറ്റവും വിലയ ലോക മുസ്‌ലിം സമ്മേളനമാണിത്. നമ്മുടെ ആഗ്രഹങ്ങള്‍ പറയാനും പശ്ചാതപിക്കാനും ശിഷ്ടജീവിതം പാപമുക്തമാക്കാന്‍ പ്രതിജ്ഞയെടുക്കാനുമുള്ള നിമിഷങ്ങളാണ് സൂര്യന്‍ മധ്യത്തില്‍ നിന്ന് നീങ്ങിയ ശേഷമുള്ള ഓരോ സെക്കന്റുകളും.

മദീനയില്‍ നബി(സ) യെ സിയാറത്ത് ചെയ്യാതെയുള്ള ഹജ്ജ് യാത്ര അപൂര്‍ണമായിരിക്കും. ആയുസ്സില്‍ ഒരിക്കല്‍ മാത്രം ആ വിശുദ്ധ ഭൂമിയിലെത്തിയിട്ട് മദീന സന്ദര്‍ശനം നടത്താതെ മടങ്ങാന്‍ ഒരു സത്യവിശ്വാസിക്ക് കഴിയില്ല. ‘ഒരാള്‍ ഹജ്ജിന് വന്നു എന്നെ സന്ദര്‍ശിച്ചില്ലെങ്കില്‍ അവന്‍ എന്നെ കൈവിട്ടു’ എന്ന ഹദീസ് മനസ്സിലാക്കി എല്ലാ ഹാജിമാരും മദീനയില്‍ പോവും. നേരത്തെ വന്നവര്‍ പ്രധാന ഉംറ കഴിഞ്ഞ് ഹജ്ജ് അടുക്കുന്നതിനു മുമ്പ് മദീനയില്‍ നബി(സ)യെ സിയാറത്ത് നടത്തും. ബാക്കിയുള്ളവര്‍ ഹജ്ജിന് ശേഷം സിയാറത്ത് ചെയ്യും.
മദീന നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയായതിനാല്‍ കരുതലോടെ മാത്രമേ ഇവിടെ ജീവിക്കാന്‍ പാടുള്ളൂ. റൗളയിലും പള്ളിയിലും തിക്കും തിരക്കുമില്ലാതെ കഴിഞ്ഞുകൂടണം. അപ്രകാരം ജനത്തുല്‍ ബഖീഅ്, ഉഹ്ദ്, ഖന്തഖ്, ഖുബാഅ്, ഖിബ്‌ലത്തൈന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്.
അല്ലാഹുവിന്റെ വിരുന്നുകാരാണ് ഹാജിമാര്‍. ഹജ്ജ് ത്യാഗമാണ്. സഹനവും സല്‍സ്വഭാവവും പരസ്പര സൗഹൃദവും ഒരിക്കലും കൈവിടരുത്. കാരണം 30 ലക്ഷങ്ങളുടെ ഇടയിലേക്കാണ് നാം പോവുന്നത്. സൗകര്യങ്ങള്‍ പരിമിതമായിരിക്കും. യാത്രയുടെ ഓരോ വേളകളിലും പ്രയാസങ്ങളുണ്ടാകാം. പക്ഷേ, പിടിച്ചു നില്‍ക്കാന്‍ കഴിയണം. ആരോഗ്യമുള്ളവര്‍ രോഗികള്‍ക്കും വൃദ്ധന്‍മാര്‍ക്കും വേണ്ടി സഹിക്കുകയും സഹകരിക്കുകയും കഴിയുന്ന സഹായം ചെയ്ത് കൊടുക്കുകയും ചെയ്യണം.