കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി

Posted on: August 2, 2018 8:32 pm | Last updated: August 3, 2018 at 12:25 pm

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. വൈദികനെതിരെ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നും ഇവര്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നില്‍ കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ പരാതിക്കാരിയും കൂറുമാറിയിരുന്നു. കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി 1999 ആണ്. എന്നാല്‍ പെണ്‍കുട്ടി ജനിച്ചത് 1997ലാണെന്നാണ് ഇപ്പോഴത്തെ വാദം.

സ്വന്തം താത്പര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് നേരത്തെ മജിസ്‌ട്രേറ്റിനോട് പറഞ്ഞത് ഭീഷണി മൂലമാണെന്നും, വൈദികനോടൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി ബോധിപ്പിച്ചിരുന്നു.