Connect with us

Kozhikode

ശിവപുരത്തിന്റെ ഓര്‍മകളില്‍ സ്‌നേഹ ജനങ്ങള്‍ ഒത്തുചേര്‍ന്നു

Published

|

Last Updated

കോഴിക്കോട്: പ്രവാചക പ്രണയത്തെ മലയാള സാഹിത്യത്തില്‍ പരിചയപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ.അഹ്മദ് കുട്ടി ശിവപുരത്തിന്റെ മധുര മൂറുന്ന ഓര്‍മകളില്‍ അവര്‍ മര്‍കസ് നോളിജ് സിറ്റിയില്‍ ഒത്തുകൂടി. നോളിജ് സിറ്റിയിലെ അക്കാദമിക ഗവേഷണ സംരഭമായ മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസും മര്‍കസ് ശരീഅ സിറ്റിയും രിസാല വാരികയും സംയുക്തമായി സംഘടിപ്പിച്ച സംഗമത്തിലാണ് സാമൂഹിക ,സാംസ്‌കാരിക, സാഹിത്യ രംഗത്തുള്ള നിരവധി പേര്‍ സന്നിഹിതരായത്.

“പ്രാഫ. അഹമദ് കുട്ടി ശിവപുരം: തിരുപ്രണയത്തിന്റെ സൗന്ദര്യം” എന്ന ശീര്‍ഷകത്തില്‍ നടന്ന സെമിനാര്‍ ഡോ. എം. എ.എച്ച് അല്‍കാന്തി ഉദ്ഘാടനം നിര്‍വഹിച്ചു. സമകാലിക ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കും തിരു പ്രവാചക പ്രണയ സങ്കല്‍പങ്ങള്‍ക്കും ഒട്ടനവധി പുതിയ അര്‍ത്ഥങ്ങള്‍ നല്‍കിയ ചിന്തകനായിരുന്നു അഹമദ് കുട്ടി ശിവപുരമെന്ന് ഡോ. എം. എ.എച്ച് അല്‍ കാന്തി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കൃതികളെ പുന:പ്രസാധനം ചെയ്യുന്നതിനും ദാര്‍ശനിക സ്വഭാവമുള്ള ചിന്തകളിലൂന്നിയ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നോളിജ് സിറ്റിയില്‍ പ്രത്യേക ചെയര്‍ സ്ഥാപിക്കുമെന്ന് ഡോ. അല്‍കാന്തി ഓര്‍മപ്പെടുത്തി.

മുസ്ലിം നാഗരിക മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ ശിവപുരം നടത്തിയ ശ്രമങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണെന്ന് ആമുഖ ഭാഷണം നിര്‍വഹിച്ച മര്‍കസ് നോളിജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുസ്സലാം പറഞ്ഞു. മര്‍കസ് ശരീഅ സിറ്റി ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല ആധ്യക്ഷം വഹിച്ചു.

ഡോ.ഹുസൈന്‍ രണ്ടത്താണി, എ.പി കുഞ്ഞാമു, എ.കെ അബ്ദുല്‍ മജീദ്, മുഹമ്മദ് പാറന്നൂര്‍, കെ.അബൂബക്കര്‍, ഡോ.ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഇം.എം.എ ആരിഫ് ബുഖാരി, ഡോ.എം.നിസാര്‍, സജീര്‍ ബുഖാരി, ഉസ്മാന്‍ ശിവപുരം, തൗഫീഖ് ശിവപുരം, അഡ്വ.റിഷാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രിസാല വാരിക മാനേജിങ്ങ് എഡിറ്റര്‍ എസ്.ശറഫുദ്ദീന്‍ സ്വാഗതവും മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസേര്‍ച്ച് ഓഫീസര്‍ മുഹമ്മദ് മുഹ്‌സിന്‍ അസ്ഹരി നന്ദിയും പറഞ്ഞു.

Latest