ദുബൈ പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

Posted on: July 29, 2018 7:02 pm | Last updated: July 29, 2018 at 7:02 pm
SHARE

ദുബൈ: നടപ്പുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ദുബൈയില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 27.79 കോടി ജനങ്ങളെന്ന് അധികൃതര്‍. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. അതേസമയം, കഴിഞ്ഞ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ 27.52 കോടി യാത്രക്കാരാണുണ്ടായിരുന്നതെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു.

ദുബൈ മെട്രോ, ട്രാം, ബസ്, മറൈന്‍ ഗതാഗത സംവിധാനങ്ങള്‍, ദുബൈ ടാക്‌സി എന്നിങ്ങനെ ആര്‍ ടി എക്ക് കീഴിലുള്ള പൊതു ഗതാഗത സംവിധാനങ്ങളിലൂടെയാണ് ജനങ്ങള്‍ യാത്ര ചെയ്തത്.
പൊതു ഗതാഗത സംവിധാനങ്ങളില്‍ ദുബൈ മെട്രോയിലാണ് ഏറ്റവും കൂടുതല്‍ യാത്രകളുണ്ടായത്. മൊത്തം യാത്ര ചെയ്തവരുടെ 37.17 ശതമാനമാണ് മെട്രോയെ ആശ്രയിച്ചത്. ദുബൈ ടാക്‌സിയാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്. 31.61 ശതമാനം ജനങ്ങളാണ് ടാക്‌സികളില്‍ യാത്ര ചെയ്തത്. 27.48 ശതമാനം യാത്രക്കാരുമായി ദുബൈ ബസുകള്‍ പിറകെയുണ്ട്.

ഈ വര്‍ഷത്തെ ആദ്യത്തെ ആറു മാസങ്ങളില്‍ 10.32 കോടി യാത്രക്കാരെയാണ് ദുബൈ മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകല്‍ വഹിച്ചത്. 15.3 ലക്ഷം യാത്രക്കാരാണ് ദിനംപ്രതി ദുബൈ മെട്രോയുടെ വിവിധ റൂട്ടുകളെ ആശ്രയിക്കുന്നത്.
ആദ്യത്തെ ആറുമാസങ്ങളില്‍ ചുവപ്പ് പാതയില്‍ 6.68 കോടി യാത്രക്കാരാണുണ്ടായത്. 3.64 കോടി യാത്രക്കാരാണ് പച്ച പാതയിലൂടെ കടന്നു പോയത്. 32 ലക്ഷം യാത്രക്കാരാണ് ദുബൈ ട്രാം സൗകര്യം ഉപയോഗിച്ചത്. ദുബൈ മെട്രോയുടെ ഇന്റര്‍ചെയ്ഞ്ച് സ്റ്റേഷനുകള്‍ സ്വീകരിച്ച യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ബുര്‍ജുമാന്‍ സ്റ്റേഷനില്‍ 63 ലക്ഷം, യൂണിയന്‍ സ്റ്റേഷന്‍ 54.88 ലക്ഷം എന്നിങ്ങനെയാണ് ഇരു സ്റ്റേഷനുകളും സ്വീകരിച്ച യാത്രക്കാരുടെ എണ്ണം.
2018ല്‍ ആദ്യ ആറ് മാസങ്ങളില്‍ പൊതു ഗതാഗത ബസുകള്‍ 7.63 കോടി യാത്രക്കാരെയാണ് വഹിച്ചത്. ജല ഗതാഗത സംവിധാങ്ങള്‍ 71.83 ലക്ഷം യാത്രക്കാരും ഉപയോഗപ്പെടുത്തി. 8.78 കോടി യാത്രക്കാരാണ് ദുബൈ ടാക്‌സി സേവനങ്ങളിലൂടെ യാത്ര ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പൊതു ഗതാഗത സംവിധാങ്ങള്‍ കൂടുതല്‍ ശക്തമാക്കി പൊതു ജനങ്ങള്‍ക്ക് മികച്ച യാത്രാ സൗകര്യങ്ങള്‍ ഒരുക്കുകയും ഉന്നത ജീവിത രീതി പ്രദാനം ചെയ്യുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി റോഡ് ശൃംഖലകള്‍, വിവിധ ജംഗ്ഷനുകളുടെ നവീകരണം, പൊതു ഗതാഗത സംവിധാനങ്ങളുടെ വിപുലീകരണം എന്നിവയിലൂടെ ദുബൈ എമിറേറ്റിലെ ജനങ്ങളുടെ ഗതാഗത ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here