Connect with us

Gulf

ദുബൈ എക്‌സ്‌പോ 2020ല്‍ നിരവധി തൊഴിലവസരങ്ങള്‍; ഇന്ത്യന്‍ പവലിയനില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കാളിത്തം

Published

|

Last Updated

ദുബൈ: ലോകം ഉറ്റുനോക്കുന്ന ദുബൈ എക്സ്പോ 2020ല്‍ നിരവധി തൊഴില്‍ സാധ്യതകള്‍. വിദ്യാര്‍ഥികള്‍ മുതല്‍ പരിചയസമ്പന്നരായ പ്രൊഫഷനലുകള്‍ക്ക് വരെ അപേക്ഷിക്കാന്‍ കഴിയുന്ന നിരവധി തൊഴില്‍ അവസരങ്ങളാണ് എക്സ്പോ 2020 സമ്മാനിക്കുന്നത്.
15,600 കോടി ദിര്‍ഹമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് എക്‌സ്‌പോ വേദിക്ക് സമീപമായി നടന്നുവരുന്നത്. താമസ കേന്ദ്രങ്ങളും തീം പാര്‍ക്കുകളും മെട്രോ പാതകളുമടക്കം വന്‍ പദ്ധതികള്‍ വരുന്നുണ്ട്. ഇവിടേക്ക് ആയിരക്കണക്കിന് ആളുകളെ ഓരോ കമ്പനികളും റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നു.

ഇതിനിടെ പുതിയ ആശയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്താനും ഇന്ത്യന്‍ പവിലിയന്‍ അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന പറഞ്ഞു. സമ്പന്നമായ ചരിത്രമുള്ള രാജ്യത്തിന് എക്‌സ്‌പോയില്‍ വലിയ പങ്കുവഹിക്കാനാകും. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ എക്‌സ്‌പോയിലെ ഇന്ത്യന്‍ പങ്കാളിത്തം സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി.

പവിലിയന്‍ രൂപകല്‍പന, വിവിധ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം, ഉള്‍പെടുത്തേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചു രൂപരേഖ തയാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എക്‌സ്‌പോയില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കി വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് കെ ദ്വിവേദിയും ദുബൈ എക്‌സ്‌പോ 2020 ബ്യൂറോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നജീബ് മുഹമ്മദ് അല്‍ അലിയും ഏപ്രിലിലാണ് കരാര്‍ ഒപ്പുവച്ചത്.
എക്‌സ്‌പോ ഇന്ത്യന്‍ മേഖലയുടെ ഡയറക്ടര്‍ ജനറലായി വാണിജ്യ മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി ബിനോയ് കുമാറിനെ ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചിട്ടുണ്ട്.

എക്‌സ്‌പോയില്‍ ഇന്ത്യ പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദര്‍ശനവേളയിലാണ് ധാരണയായത്. എക്‌സ്‌പോയില്‍ അവസരം ലഭ്യമാക്കാന്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും മന്ത്രാലയങ്ങളും വ്യവസായ സ്ഥാപനങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ പത്തുവരെ നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഇതിനോടകം 180 രാജ്യങ്ങള്‍ റജിസ്റ്റര്‍ ചെയ്തു.

Latest