പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ്: ഇംറാന്‍ ഖാന്റെ തെഹ്‌രീകെ ഇന്‍സാഫ് മുന്നേറുന്നു

Posted on: July 25, 2018 10:46 pm | Last updated: July 26, 2018 at 9:59 am
SHARE

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്റെ പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി മുന്നേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 90 സീറ്റുകളില്‍ പിടിഐ മുന്നിട്ടു നില്‍ക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പി പി പി പാര്‍ട്ടി 52 സീറ്റുകളിലും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാര്‍ട്ടിയായ പി പി പി (എന്‍) 30 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആകെ 272 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇന്ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയായിരുന്നു വോട്ടെടുപ്പ്. പൊതു തിരഞ്ഞെടുപ്പിനിടെ രാജ്യത്ത് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ക്വറ്റയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെടെ 35 പേര്‍ മരിച്ചു.

10.6 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ദേശീയ അസംബ്ലിയിലേക്ക് 3765 പേര്‍ ജനവിധി തേടുന്നുണ്ട്. ഇതില്‍ 60 സീറ്റുകളില്‍ വനിതകള്‍ മത്സരിക്കുന്നുണ്ട്. 71 വര്‍ഷത്തെ പാക് ചരിത്രത്തില്‍ ഭരണ കാലാവധി പൂര്‍ത്തിയായ ശേഷം ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പാണ് ഇന്നത്തേത്.