Connect with us

Gulf

അബുദാബി ക്ഷേത്രം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി; നിര്‍മാണം ഉടന്‍ ആരംഭിക്കും

Published

|

Last Updated

അബുദാബി: അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
നിര്‍മാണം ആരംഭിക്കാന്‍ നിയമപരമായ ആവശ്യകതയുടെ ഭാഗമായി കണ്‍സല്‍ട്ടന്‍സി കമ്മിറ്റി ഒരു മാസത്തിനകം കണ്‍സള്‍ട്ടന്റ് രൂപവത്കരിക്കുമെന്ന് ക്ഷേത്രം നിര്‍മിക്കുന്ന ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മിഡില്‍ ഈസ്റ്റിന്റെ ചുമതലയുള്ള സാധു ബ്രഹ്മ വിഹാരിദാസ് പറഞ്ഞു.

കണ്‍സള്‍ട്ടന്റ് തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ പ്രാദേശിക ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് കൂടുതല്‍ നടപടികള്‍ അവര്‍ കൈക്കൊള്ളും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അബുദാബിയിലെത്തിയതായിരുന്നു അദ്ദേഹം. ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള എല്ലാ അനുമതികളും അബുദാബി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. യു എ ഇ സര്‍ക്കാറിന് ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്, കാരണം അവര്‍ ഞങ്ങളെ പിന്തുണക്കുക മാത്രമല്ല മാത്രമല്ല, ഈ പദ്ധതിക്ക് ആവശ്യമായ എല്ലാസഹായങ്ങളും നല്‍കുന്നു. 2020 ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. – അദ്ദേഹം പറഞ്ഞു.

അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ മന്ദിര്‍ ലിമിറ്റഡ് എന്ന പേരില്‍ രജിസ്‌ട്രേഷന്‍ നിര്‍ണായക ഘട്ടത്തിലാണ്. സാമൂഹിക വികസന മന്ത്രാലയം ഈ സ്ഥാപനം ഒരു ചാരിറ്റി ആയി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി വ്യക്തമാക്കി. 2015 ല്‍ യു എ ഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശന സമയത്താണ് അബുദാബി സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് അബുദാബിയില്‍ നിര്‍മിക്കുന്നത്. കൃത്രിമ നദീതടവും മനോഹരമായ പൂന്തോട്ടവും കൊണ്ട് ക്ഷേത്രത്തിന്റെ ഭംഗിക്ക് മാറ്റ് കൂട്ടാനാണ് പദ്ധതി.

അബുദാബി അല്‍ഐന്‍ ഹൈവേയില്‍ അല്‍വത്ബ എന്ന സ്ഥലത്ത് ഏകദേശം 20,000 സ്‌ക്വയര്‍മീറ്റര്‍ ചുറ്റളവിലാണ് (ഏകദേശം 5 ഏക്കര്‍) അബുദാബി സര്‍ക്കാര്‍ ചെലവില്‍ ഈ ക്ഷേത്രം നിര്‍മിക്കുന്നത്.യു എ ഇ യിലെ 33 ലക്ഷം ഇന്ത്യക്കാരെയും മറ്റ് രാജ്യക്കാരെയും വിദേശസഞ്ചാരികളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന സാംസ്‌കാരിക ആധ്യാത്മിക കേന്ദ്രമായാണ് അബുദാബിയിലെ ക്ഷേത്രസമുച്ചയം ബാപ്‌സ് പണിതുയര്‍ത്തുക.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി