Connect with us

Ongoing News

നിയമ നടപടികള്‍ പുരോഗമിക്കുന്നു; നിഥിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ട് പോകും

Published

|

Last Updated

അബുദാബി: മൃതദേഹം മാറിയത് കാരണം യാത്ര മുടങ്ങിയ വയനാട് അമ്പലവയല്‍ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടന്‍ വീട്ടില്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (29) മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കോണ്‍സുലര്‍ രാജ മുരുഗന്‍ സിറാജിനോട് പറഞ്ഞു. എയര്‍പോര്‍ട്ടിലെ പാസ്‌പോര്‍ട് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം വൈകാന്‍ കാരണം.

നിഥിന്റെ പേരില്‍ മറ്റൊരു മൃതദേഹം നാട്ടിലേക്ക് പോയതാണ് നിയമ പ്രശ്‌നത്തിന് കാരണം. എമിഗ്രേഷന്‍ വിഭാഗത്തില്‍ നിഥിന്റെ പേര് ഒഴിവാക്കി പകരം കൃഷ്ണന്റെ പേര് ചേര്‍ത്ത് വീണ്ടും നിഥിന്റെ പേര് ചേര്‍ക്കണം അതിന് എമിഗ്രെഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്ന് ഇന്ത്യന്‍ എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യമായ എല്ലാനടപടികളും പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകന്‍ എം എം നാസറും അറിയിച്ചു.

നിഥിന്റെ മൃതദേഹത്തിന് പകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്. നിഥിന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് മൃതദേഹം തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് ഇതിന് കാരണം. കുടുംബങ്ങളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കര്യാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിഥിനെ 10 ദിവസം മുന്‍പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 10 മണിയോടെ അമ്പലവയലിലെ സ്വകാര്യ ആശുപത്രി ഫ്രീസറിലേക്ക് മാറ്റാന്‍ കൊണ്ടുവന്നു. ഇതിനിടെയാണ് മൃതദേഹം മാറിയെന്നും നിഥിന്റെ മൃതദേഹം അബുദാബി ആശുപത്രിയില്‍ത്തന്നെയാണുള്ളതെന്ന വിവരം അധികൃതര്‍ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുന്നത്.

സംസ്‌കാരചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഈ വിവരമറിഞ്ഞ് ആശങ്കയിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്‌സ് അധികൃതരും ഉന്നത പൊലിസുദ്യോഗസ്ഥരും നിഥിന്റെയും തമിഴ്‌നാട് സ്വദേശിയുടെയും ബന്ധുക്കളുമായും രാമനാഥപുരം ജില്ലാ കലക്ടര്‍, പൊലീസ് മേധാവി എന്നിവരുമായും ബന്ധപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി നോര്‍ക്ക അധികൃതര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest