പി ഡി പിയെ ഭിന്നിപ്പിച്ചാല്‍ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരും: മെഹ്ബൂബ

Posted on: July 14, 2018 12:03 am | Last updated: July 14, 2018 at 12:03 am
SHARE

ശ്രീനഗര്‍: പി ഡി പിയില്‍ നിന്ന് എം എല്‍ എമാരെ അടര്‍ത്തി കശ്മീരില്‍ സര്‍ക്കാറുണ്ടാക്കാനുള്ള ബി ജെ പി നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പി ഡി പിയെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും ശ്രമിച്ചാല്‍ അനന്തര ഫലം കടുത്തതാകുമെന്ന് അവര്‍ പറഞ്ഞു. തീവ്രവാദികളെ സൃഷ്ടിക്കാനേ അത്തരം നീക്കങ്ങള്‍ ഉപകരിക്കുകയുള്ളൂ. 1987ലെ പോലെ കശ്മീരിലെ ജനങ്ങളുടെ വോട്ടവാകാശം നിഷേധിച്ചാല്‍ സലാഹുദ്ദീന്‍, യാസീന്‍ മാലിക് എന്നിവരെപ്പോലുള്ളവര്‍ ജനിക്കുകയാവും ഫലം. പി ഡി പിയില്‍ ഭിന്നതയുണ്ടാക്കാനാണ് ഡല്‍ഹിയിലിരിക്കുന്നവരുടെ ശ്രമമെങ്കില്‍ അതിന് വലിയ വല കൊടുക്കാണ്ടി വരും- ശ്രനീനഗറില്‍ സംസാരിക്കവേ മെഹ്ബൂബാ മുഫ്തി പറഞ്ഞു. 1931ല്‍ ദോഗ്രാ രാജാക്കന്‍മാര്‍ക്കെതിരെ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരെ ഓര്‍മിക്കുന്ന രക്തസാക്ഷി ദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പി ഡി പിയെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ബി ജെ പി ശ്രമിച്ചാല്‍ 1990 ലെ സാഹചര്യം കശ്മീരില്‍ ഉടലെടുക്കും. സജ്ജാദ് ലോണിനെപ്പോലുള്ളവരെ മുഖ്യമന്ത്രിയാക്കാനുള്ള പരിപാടി കശ്മീരിനെ അപകടകരമായ നിലയിലേക്കാവും കൊണ്ടുപോകുക. ഡല്‍ഹിയില്‍ നിന്ന് ഇടപെടാതെ ഒരു കുതിരക്കച്ചവടവും ഇവിടെ നടക്കില്ല. പി ഡി പിയെ കരുതിക്കൂട്ടി ആക്രമിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള കശ്മീര്‍ ജനതയുടെ വിശ്വാസം തന്നെ നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു.

ജൂണ്‍ 19ന് ബി ജെ പി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നത്. എന്നാല്‍ പി ഡി പിയില്‍ അതൃപ്തരെ അടര്‍ത്തി സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം ബി ജെ പി തുടങ്ങിയിരിക്കുകയാണ്. ആറ് എം എല്‍ എമാര്‍ ഇത്തരത്തില്‍ ബി ജെ പിയെ പിന്തുണക്കാന്‍ സന്നദ്ധതയറിയിച്ചുവെന്നാണ് അറിയുന്നത്. നിലവില്‍ 25 എം എല്‍ എമാരാണ് ബി ജെ പിക്ക് കശ്മീരിലുള്ളത്. 19 എം എല്‍ എമാര്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനക്കെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല രംഗത്തെത്തി. മെഹ്ബൂബയുടെ വാക്കുകള്‍ നിരാശയില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി ഡി പി തകര്‍ന്നാല്‍ കശ്മീരില്‍ തീവ്രവാദം വളരുമെന്ന് കേന്ദ്രത്തെ ഭീഷണിപ്പെടുത്തുന്ന മെഹ്ബൂബ, അവരുടെ ഭരണകാലത്ത് കശ്മീരിലുണ്ടായ തീവ്രവാദ വളര്‍ച്ചയെ മനഃപൂര്‍വം മറക്കുകയാണെന്ന് ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here