ആശങ്കയകലാതെ മെഡിക്കല്‍ പ്രവേശം

Posted on: July 13, 2018 9:24 am | Last updated: July 13, 2018 at 9:24 am
SHARE

ആശങ്കയും അവ്യക്തതയും അകലാതെയാണ് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ നടപടികളാണ് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ ഇത്രമേല്‍ അരക്ഷിതമാക്കിയതെന്ന് പറഞ്ഞാല്‍ തെറ്റുപറയാനാകില്ല. വിദ്യാഭ്യാസ മേഖല വ്യവസായമായി മാറിയത് കണ്ട് വന്‍ വ്യവസായികള്‍ ഈ മേഖലയിലേക്ക് കടന്നുവന്നതോടെയാണ് നോട്ടുകെട്ടുകളുടെ അടിസ്ഥാനത്തില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടത്.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ മേഖലയിലുള്ള അപര്യാപ്തത പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വഴി തുറന്നതെങ്കിലും പിന്നീട് അത് കച്ചവട താത്പര്യത്തോടെ മുന്നേറിയപ്പോള്‍ ഏത് ലക്ഷ്യത്തോടെയാണോ ആരംഭിച്ചത് അതിന് എതിരായി പരിണമിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഇതോടൊപ്പം കോടതികളുടെ ഇടപെടലും ഫീസ് നല്‍കുന്നതില്‍ സര്‍ക്കാറിന്റെ ഫണ്ട് പിരിമിതിയും ഒരുവിഭാഗം വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.

ഒരു കൂട്ടം സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളാണ് മെഡിക്കല്‍ പ്രവേശം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് ചരടുവലിക്കുന്നത്. സര്‍ക്കാറിന്റെയും പരീക്ഷാ കമ്മീഷണറുടെയും ഹൈക്കോടതിയുടെ വരെയും നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ചില സ്വാശ്രയ മാനേജ്‌മെന്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ നേരിട്ട് പ്രവേശനം നടത്തുകയും ബേങ്ക് ഗ്യാരന്റി വാങ്ങരുതെന്ന ഹൈക്കോടതിയുടെയും പരീക്ഷാ കമ്മീഷണറുടെയും നിര്‍ദേശം നിരാകരിച്ചും വിദ്യാര്‍ഥികളെ പിഴിഞ്ഞ് പകല്‍ക്കൊള്ള തുടരുന്ന ഇത്തരം സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളാണ് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിക്കുന്നത്.
നിലവില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകൡ എം ബി ബി എസ് പ്രവേശനത്തിന് അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ജസ്റ്റിസ് രാജേന്ദ്രന്‍ ബാബു കമ്മീഷന്‍ നിശ്ചയിച്ചിരുന്ന ഫീസ്. ഇതില്‍ ഒരു ലക്ഷം രൂപ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിലും ബാക്കി 4,20,000 രൂപ അതത് കോളജുകളുടെ പേരിലുമാണ് ഡി ഡി എടുക്കേണ്ടത്. എന്നാല്‍ സംസ്ഥാനത്തെ വിവിധ സ്വാശ്രയ മെഡിക്കല്‍ കോളജുകളും എം ബി ബി എസ് പ്രവേശനത്തിന് 85,000 രൂപ മുതല്‍ 2.1 ലക്ഷം രൂപവരെയാണ് അധികം വാങ്ങുന്നത്. കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍, പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം കോടതിയുടെയും പരീക്ഷാ കമ്മീഷണറുടെയും നിര്‍ദേശങ്ങള്‍ മറികടന്ന് വിദ്യാര്‍ഥികളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കി വിവാദത്തില്‍ പെട്ടവയാണ്.

നീറ്റ് പരീക്ഷയിലൂടെ യോഗ്യത നേടിയ എസ് സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥി ഉള്‍പ്പെടെ മുപ്പത് പേരാണ് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിനായി എത്തിയത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള മുഴുവന്‍ തുകയുടെയും ഡി ഡിയുമായി എത്തിയ വിദ്യാര്‍ഥികളോട് പ്രവേശനം നല്‍കില്ലെന്ന് മാനേജ്‌മെന്റ് തീര്‍ത്തു പറഞ്ഞിരുന്നു. പ്രവേശന നടപടി അട്ടിമറിച്ച് മെറിറ്റ് സീറ്റും വില്‍പ്പനക്ക് വെക്കാനുള്ള മാനേജ്‌മെന്റുകളുടെ ശ്രമത്തിന്റെ ഭാഗമായാണിതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.
ഇതിന് പുറമെ മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളജുകളുടെ നിലപാടും മലയാളി വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ പിന്നാലെ മദ്രാസ് ഹൈക്കോടതി ഇടപെട്ടതാണ് ആശ്വാസമായത്. എന്നാല്‍ ആശങ്ക വര്‍ധിപ്പിച്ച് പുതിയ ഒരു നീക്കം കൂടി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഇന്നലെ വന്നിരിക്കുന്നു. നീറ്റ് പരീക്ഷയിലെ പിഴവുമായി ബന്ധപ്പെട്ട് 24,000 തമിഴ് വിദ്യാര്‍ഥികള്‍ക്ക് അധിക മാര്‍ക്ക് നല്‍കണമെന്ന വിധിയാണ് മറ്റു വിദ്യാര്‍ഥികള്‍ക്ക് തിരച്ചടിയാകുന്നത്. കോടതി വിധി പ്രകാരം ഈ വിദ്യാര്‍ഥികള്‍ക്ക് അധികമാര്‍ക്ക് നല്‍കിയാല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റ് മാറി മറിയുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക പദങ്ങള്‍ തമിഴിലേക്ക് പരിഭാഷപ്പെടുത്താത്ത തുമായി ബന്ധപ്പെട്ട പിഴവാണ് കോടതി ഇടപെടലിലേക്ക് നയിച്ചത്.

ഇതോടൊപ്പം ഒ ഇ സി വിഭാഗത്തിനുള്ള സൗജന്യ ഫീസ് നല്‍കുന്നതില്‍ സര്‍ക്കാറിന്റെ വീഴ്ച ഈ വിഭാഗം വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം പ്രതിവര്‍ഷം 30 കോടിയോളം വരുന്ന ഫീസ് ഇനത്തിലുള്ള തുക നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ കുടിശ്ശിക വരുത്തിയതിനാല്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിലപാടാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തിന് ഫീസിളവ് നല്‍കുന്നതിന് ബജറ്റില്‍ തുക വകയിരുത്താത്തതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
മാത്രമല്ല നിലവില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ട്യൂഷന്‍ ഫീസ് മാത്രമാണ് പരീക്ഷാ കമ്മീഷണന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ നിശ്ചയിച്ചത്. മറ്റു ഫീസുകള്‍ നിശ്ചയിക്കാനിരിക്കുന്നതേയുള്ളൂ. അതേസമയം കമ്മീഷണറുടെ ഉത്തരവ് വരുന്നതിന്റെ മുമ്പ് അധിക ഫീസ് ഈടാക്കി വരികയാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍. കാരണം ഫീസ് നിശ്ചയിച്ച ശേഷം വാങ്ങിയ ഫീസ് അധികമാണെങ്കില്‍ അടുത്ത വര്‍ഷത്തെ ഫീസില്‍ കുറച്ചുനല്‍കിയാല്‍ മതിയാകുമെന്നതിനാലാണ് ഈ നീക്കം. സ്‌പെഷ്യല്‍ ഫീ, അഡ്മിഷന്‍ ഫീ, യൂനിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീ, യൂനിവേഴ്‌സിറ്റി സ്‌പെഷ്യല്‍ ഫീ, മെഡിക്കല്‍ കൗണ്‍സില്‍ അഫിലിയേഷന്‍ ഫീ, അക്കാദമിക് കലണ്ടര്‍ ഫീ, ഐഡന്റിറ്റി കാര്‍ഡ് ഫീ, ലൈബ്രറി ലാബ് ഫീ, പരീക്ഷാ നടത്തിപ്പ് ചെലവ്, ഹോസ്റ്റല്‍, മെസ്സ് ഫീ ഇതില്‍ സര്‍വകലാശാല ഫീസുകള്‍, മെസ്സ് ഫീ എന്നിവകളില്‍ ഒഴികെയുള്ള ഫീസുകളാണ് പരീക്ഷാ കമ്മീഷണര്‍ നിശ്ചയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here