പ്രാര്‍ഥനകള്‍ സഫലം; ആ 13 പേരും സുരക്ഷിതരായി തിരിച്ചെത്തി

Posted on: July 10, 2018 3:36 pm | Last updated: July 11, 2018 at 6:44 am
SHARE

ബാങ്കോങ്ക്: ലോകമെമ്പാടുമുള്ള മനുഷ്യരുടെ പ്രാര്‍ഥനകള്‍ സഫലമായി. തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഇന്ന് നടന്ന മൂന്നാംഘട്ട രക്ഷാദൗത്യത്തിലാണ് കോച്ചിനെയും നാല് കുട്ടികളെയും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.

കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചു. രക്തപരിശോധനയില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടികളെ ചികിത്സക്ക് വിധേയരാക്കി. കുട്ടികളെ ഒരാഴ്ച നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

17 ദിവസം നീണ്ട ആശങ്കകള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. ജൂണ്‍ 23നാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്‌ബോള്‍ ടിം അംഗങ്ങളായ 12 പേരും അവരുടെ കോച്ചും ഗുഹ സന്ദര്‍ശിക്കാന്‍ പോയത്. ഇവര്‍ ഗുഹയുടെ ഉള്ളില്‍ പ്രവേശിച്ചതോടെ ശക്തമായ മഴയും തുടര്‍ന്ന് മണ്ണിടിച്ചിലുമുണ്ടായി. ഇതോടെ ഗുഹാമുഖം ഏറെക്കുറെ അടഞ്ഞു. പത്ത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗുഹയില്‍ നാല് കിലോമീറ്റര്‍ അകലെയാണ് കുട്ടികള്‍ ഉണ്ടായിരുന്നത്. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവരുടെ അടുത്ത് എത്തുവാന്‍ തന്നെ ഒന്‍പത് ദിവസം വേണ്ടിവന്നു. 13 വിദേശ സ്‌കൂബാ ഡൈവിംഗ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവിക സേനാ അംഗങ്ങളും അടക്കം 18 അംഗ സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here