Connect with us

National

ബീഫ് കടത്തിയെന്ന് ആരോപിച്ച് അലീമുദ്ദീനെ തല്ലിക്കൊന്ന സംഭവം: പ്രതികള്‍ക്ക് മാലയിട്ട് മധുരം വിളമ്പി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം; പ്രതിഷേധം ശക്തം

Published

|

Last Updated

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബീഫ് കടത്തിയെന്നാരോപിച്ച് അലീമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ. എല്ലാ തരത്തിലുള്ള അക്രമങ്ങളേയും ശക്തമായി അപലപിക്കുകയാണെന്നും ജനാധിപത്യത്തില്‍ നിയമമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവൃത്തിയെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയാണ് ചിലരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം ജൂണ്‍ 29ന് ആയിരുന്നു ബീഫ് കടത്തിയെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡിലെ രാംഗഢില്‍ വെച്ച് അലിമുദ്ദീന്‍ അന്‍സാരിയെന്നയാളെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ 12 പേരാണുണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ക്കാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിങ്ങിയ പ്രതികള്‍ക്ക് ബിജെപി നേതൃത്വം ഒരുക്കിയ സ്വീകരണത്തിലാണ് ജയന്ത് സിന്‍ഹ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത് ജയന്ത് സിന്‍ഹ പ്രതികളെ ഹാരമണിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. കേന്ദ്രമന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.
ഇതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന്‍ പറഞ്ഞു.

Latest