Connect with us

Sports

ഫ്രഞ്ച് മുന്നേറ്റവും ഉറുഗ്വെന്‍ പ്രതിരോധവും തമ്മിലുള്ള പോരാട്ടം

Published

|

Last Updated

എംബാപെ പരിശീലനത്തില്‍

നിഷ്‌നി: മുന്‍ ലോകചാമ്പ്യന്‍മാരുടെ പോരാട്ടം എന്ന നിലക്ക് ശ്രദ്ധേയമാണ് ഉറുഗ്വെ-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഇന്ന് ആര്‍ക്കാണ് സാധ്യത എന്ന ചോദ്യത്തിന് പ്രസക്തിയില്ല. റഷ്യയില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച രണ്ട് ടീമുകളാണ് നിഷ്‌നിയില്‍ നേര്‍ക്കുനേര്‍ വരുന്നത്.
ടബരെസ് പരിശീലിപ്പിക്കുന്ന ഉറുഗ്വെയുടെ പ്രതിരോധ നിരക്ക് കെട്ടുറപ്പേറെ. ദിദിയര്‍ ദെഷാംസിന്റെ ഫ്രാന്‍സാകട്ടെ തടയാന്‍ പറ്റാത്ത മുന്നേറ്റ നിര കൂടെയുള്ളതിന്റെ ആത്മവിശ്വാസത്തിലും.

സുവാരസ് പരിശീലനത്തില്‍

ഡിയഗോ ഗോഡിനാണ് ഉറുഗ്വെന്‍ ഡിഫന്‍സിന് നേതൃത്വം നല്‍കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിടിച്ചുകെട്ടാന്‍ ഇവര്‍ക്ക് സാധിച്ചു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപെയുടെ വേഗമേറിയ നീക്കങ്ങളിലാണ് ഇനി കണ്ണ്.
ലൂയിസ് സുവാരസും എഡിന്‍സന്‍ കവാനിയും ചേരുന്ന അറ്റാക്കിംഗ് ദ്വന്ദത്തിലാണ് ഉറുഗ്വെയുടെ ഗോളടി പ്രതീക്ഷ. പോര്‍ച്ചുഗലിനെതിരെ കവാനിയുടെ രണ്ട് ഗോളുകള്‍ ഗംഭീരമായിരുന്നു. പക്ഷേ, ആ മത്സരത്തില്‍ പരുക്കേറ്റ് കളം വിട്ട കവാനി ഇന്ന് ആദ്യ ലൈനപ്പിലുണ്ടാകില്ലെന്നാണ് സൂചന. ജിറോണയടെ ക്രിസ്റ്റിയന്‍ സ്റ്റുവാനിയെയാണ് സുവാരസിനൊപ്പം സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലേക്ക് പരിഗണിക്കുന്നത്.

ഉറുഗ്വെന്‍ ഡിഫന്‍സ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ 4-3-2-1 എന്ന ക്രിസ്മസ് ട്രീ ഫോര്‍മേഷനാണ് ദെഷാംസ് പ്രയോഗിക്കുക.
ടബരെസ് നാല് ഡിഫന്‍ഡര്‍മാരെയും നാല് മിഡ്ഫീല്‍ഡര്‍മാരെയും രണ്ട് സ്‌ട്രൈക്കര്‍മാരെയും നിരത്തിയുള്ള സേഫ് ഗെയിം പ്ലാന്‍ ചെയ്യുന്നു.
ലോംഗ് ബോളുകളിലൂടെ ലീഡ് ഗോള്‍ നേടുക എന്നതാണ് ഉറുഗ്വെന്‍ തന്ത്രം. ഗോള്‍ വഴങ്ങാതിരിക്കുവാന്‍ ഡിഫന്‍സീവ് ആയി കളിക്കുന്നത് അബദ്ധമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ദെഷാംസ്.
ആള്‍ റൗണ്ട് അറ്റാക്കിംഗ് ആണ് ഏറ്റവും മികച്ച ഡിഫന്‍സ് എന്ന് അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ് കാണിച്ചു തന്നതാണ്.

Latest