മര്‍കസ് ഉറുദു ഡിപ്പാര്‍ട്‌മെന്റ് അക്കാദമിക കാന്തപുരം ഉദ്ഘാടനം ചെയ്തു

Posted on: July 4, 2018 9:21 pm | Last updated: July 4, 2018 at 9:21 pm
മര്‍കസ് ഉറുദു ഡിപ്പാര്‍ട്‌മെന്റ് അക്കാദമിക ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: മര്‍കസ് ഉറുദു ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുല്ലിയ്യ ല്യൂഗ അറബിയ്യ, ശരിഅ സ്റ്റഡീസ് ഫോര്‍ നോണ്‍ കേരളേറ്റ്‌സ് എന്നീ സ്ഥാപങ്ങളുടെ അക്കാദമിക ഉദ്ഘാടനം നടന്നു. ഇന്ത്യയിലെ ഇരുപത്തിരണ്ടു സംസ്ഥാനങ്ങളില്‍ നിന്നായി 200 വിദ്യാര്‍ഥികളാണ് ഈ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് ഈ വര്‍ഷം പഠിക്കാന്‍ എത്തിയത്. ഉറുദു, അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ഇവരുടെ അക്കാദമിക സംവിധാനമുള്ളത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ വിഭിന്ന ദേശങ്ങളില്‍ ജീവിച്ചു വളര്‍ന്ന വിദ്യാര്‍ത്ഥികളെ ഒരു കാമ്പസില്‍ പഠിപ്പിച്ച് പരസപര സ്‌നേഹവും ഐക്യവും വളര്‍ത്തി ദേശീയബോധം സജീവമാക്കുന്ന പ്രക്രിയ ഈ സ്ഥാപനം വഴി നടക്കുന്നു എന്നദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തെ സാമൂഹികമായും സാമ്പത്തികമായും അവശത അനുഭവിക്കുന്ന സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് ഭക്ഷണത്തിനും താമസത്തിനും പഠനത്തിനുമുള്ള മുഴുവന്‍ ചെലവും വഹിച്ചു പുതിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കാന്‍ കഴിയുന്ന വിതാനത്തിലേക്ക് മര്‍കസ് വികസിപ്പിക്കുന്നത്. അറിവ് എന്നത് പ്രാഥമികമായി മനുഷ്യന് സ്വയം തിരിച്ചറിയാനും തന്റെ ജീവിത ദൗത്യം മനസ്സിലാക്കാനും ഉള്ള ബോധം സമ്പാദിക്കലാണ്. ധാര്‍മികമായ വഴിയില്‍ അറിവ് നേടുമ്പോഴേ പഠനം പൂര്‍ണതയില്‍ എത്തുകയുള്ളൂവെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് ഉറുദു ഡിപ്പാര്‍ട്‌മെന്റ് മേധാവി മൂസ സഖാഫി പാതിരമണ്ണ ആമുഖ പ്രസംഗം നടത്തി. ഉമറലി സഖാഫി എടപ്പലം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, അക്ബര്‍ ബാദുഷ സഖാഫി പ്രസംഗിച്ചു.