മെക്‌സിക്കോയെ വീഴ്ത്താന്‍ ബ്രസീല്‍; പരുക്കേറ്റ മാഴ്‌സലോക്ക് പകരം ഫിലിപ്പെ ലൂയിസ് ടീമില്‍

Posted on: July 2, 2018 7:09 pm | Last updated: July 3, 2018 at 9:46 am
SHARE

മോസ്‌കോ: മെക്‌സിക്കോക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുള്ള ബ്രസീല്‍ ലൈനപ്പായി. പരുക്കേറ്റ മാഴ്‌സലോക്ക് പകരം ഫിലിപ്പെ ലൂയിസ് ടീമില്‍ ഇടം കണ്ടെത്തി. അലിസ്സണ്‍, ഫാഗ്നര്‍, തിയാഗോ സില്‍വ, മിറാന്‍ഡ, ഫിലിപ്പൈ ലൂയിസ്, പൗളിന്യോ, കാസിമിറോ, വില്ലെയ്ന്‍, കൂട്ടിഞ്ഞോ, നെയ്മര്‍, ഗബ്രിയല്‍ ജീസസ് എന്നിവരാണ് ആദ്യ ഇലവനിലുള്ളത്.

ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോ ഇറങ്ങുന്നത്.
ഗ്രൂപ്പ് റൗണ്ടില്‍ ആദ്യ രണ്ട് മത്സരവും ജയിച്ച മെക്‌സിക്കോ അവസാന മത്സരത്തില്‍ സ്വീഡനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇതവരുടെ ആത്മവിശ്വാസത്തെ ചെറിയായിട്ട് ബാധിച്ചിട്ടുണ്ടാകും. ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോളിനും ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും മെക്‌സിക്കോ തോല്‍പ്പിച്ചിരുന്നു.
ബ്രസീല്‍ തോല്‍വിയറിയാതെയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോട് സമനിലയായ മഞ്ഞപ്പട കോസ്റ്റാറിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് ഫോം പ്രദര്‍ശിപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയക്കെതിരെയും രണ്ട് ഗോള്‍ജയം ആഘോഷിച്ചു.
സെര്‍ബിയക്കെതിരെ മികച്ച പാസിംഗ് ഗെയിം പുറത്തെടുത്തത് നെയ്മറിനും സംഘത്തിനും ആത്മവിശ്വാസം വാനോളമുണ്ടെന്നതിന്റെ തെളിവാണ്. എന്നാല്‍, സെര്‍ബിയ രണ്ടാം പകുതിയുടെ തുടക്കത്തില്‍ നടത്തിയ തുടരാക്രമണങ്ങള്‍ ബ്രസീലിന്റെ പ്രതിരോധത്തില്‍ പാകപ്പിഴകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതായി.

ലോകകപ്പില്‍ സെന്‍ട്രല്‍-നോര്‍ത്ത് അമേരിക്ക രാജ്യത്തോട് ബ്രസീലിതുവരെ തോറ്റിട്ടില്ലെന്ന ചരിത്രം മെക്‌സിക്കോയെ തളര്‍ത്തും. ലോകകപ്പില്‍ ബ്രസീലിന്റെ അവസാന ആറ് പരാജയങ്ങളും യൂറോപ്യന്‍ ടീമുകളോടായിരുന്നു. ബ്രസീലിനെ അവസാനമായി യൂറോപ്യന്‍ അല്ലാത്ത രാജ്യം തോല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് അര്‍ജന്റീനയാണ്. 1990 ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍. ക്ലോഡിയോ കനീജിയയുടെ ഗോളിലായിരുന്നു അര്‍ജന്റീനയുടെ ചരിത്ര ജയം.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ മെക്‌സിക്കോ ഒരിക്കല്‍ മാത്രമാണ് ലോകകപ്പില്‍ ജയിച്ചത്. 2002 ല്‍ ഇക്വഡോറിനെതിരെ ആയിരുന്നു ആ ജയം (2-0).

LEAVE A REPLY

Please enter your comment!
Please enter your name here