Connect with us

Editorial

മത്സ്യബന്ധന മേഖലയിലെ ആശങ്കയകറ്റണം

Published

|

Last Updated

ട്രോളിംഗ് നിരോധം സംബന്ധിച്ച ഹൈക്കോടതി വിധി സമുദ്രാടിത്തട്ടിലെ മത്സ്യസമ്പത്ത് കോരിയെടുക്കുന്ന ട്രോള്‍വല ഉപയോഗിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അത്തരം വലകള്‍ ഉപയോഗിക്കാത്തതിനാല്‍ ഇത് തടസ്സമാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും പരമ്പരാഗത മത്സ്യമേഖല ആശങ്കയിലാണ്. മണ്‍സൂണ്‍ കാലത്തെ മത്സ്യബന്ധന ചട്ടങ്ങള്‍ എല്ലാ മത്സ്യബന്ധന വിഭാഗങ്ങള്‍ക്കും ബാധകമാണെന്നാണ് ഉത്തരവ്. മത്സ്യസമ്പത്ത് സംരക്ഷിക്കുക വഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങള്‍ കൂടി സംരക്ഷിക്കാനാണ് ട്രോളിംഗ് എന്നതിനാല്‍ അവരും അതുമായി സഹകരിക്കാന്‍ ബാധ്യസ്ഥമാണെന്നു ട്രോളിംഗ് നിരോധന കാലയളവ് 47ല്‍ നിന്ന് 52 ദിവസമായി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു കൊല്ലം ജില്ലാ ഫിഷിംഗ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി നിരാകരിച്ചുകൊണ്ടു കോടതി ഉണര്‍ത്തുകയുണ്ടായി.

വലയുടെ ഇനം ആധാരമാക്കിയോ മത്സ്യബന്ധനത്തിന്റെ രീതി കണക്കാക്കിയോ അല്ല കോടതിയുടെ വിധിപ്രസ്താവം. ട്രോളിംഗ് കാലത്തെ മത്സ്യബന്ധന നിരോധം എല്ലാ വിഭാഗം മീന്‍പിടുത്തക്കാര്‍ക്കും ബാധകമാണെന്ന് മാത്രമേ കോടതിവിധിയില്‍ പറയുന്നുള്ളൂ. ഇതടിസ്ഥാനത്തില്‍ നാടന്‍ വള്ളങ്ങളെ തടയാന്‍ സാധ്യതയുണ്ട്. എന്തു വന്നാലും തങ്ങള്‍ കടലില്‍ പോകുമെന്നും ആരെങ്കിലും തടയാന്‍ വന്നാല്‍ നേരിടുമെന്നുമുള്ള തീരുമാനത്തിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.

എല്ലാവിധ മത്സ്യബന്ധന യാനങ്ങളുടെയും പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ട്രോളിംഗ് നിരോധം കര്‍ക്കശമാക്കിയിരുന്നു. 2015ലെ പ്രസ്തുത ഉത്തരവില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ 61 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് പരമ്പരാഗത മത്സ്യബന്ധനക്കാരെ കേന്ദ്ര സര്‍ക്കാര്‍ അന്ന് ഒഴിവാക്കുകയായിരുന്നു. ഈ ഇളവ് ഹൈക്കോടതി വിധിയെ അപ്രസക്തമാക്കുമോ എന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നാണ് കരുതുന്നത്.
മത്സ്യസമ്പത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവ്, വിദേശ മീന്‍പിടുത്ത ബോട്ടുകളുടെ കടന്നുവരവ്, ഓഖി പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ കേരളത്തിലെ മീന്‍പിടുത്ത തൊഴിലാളികള്‍ വിശേഷിച്ചും പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളി സമൂഹം ഏറെ ദുരിതത്തിലാണിന്ന്. സമീപ കലാത്തായി വന്‍ കുറവാണ് കേരള തീരത്തെ മത്സ്യ സമ്പത്തില്‍ അനുഭവപ്പെട്ടു വരുന്നത്. പത്ത് വര്‍ഷം കൊണ്ട് 81,312 മെട്രിക്ക് ടണ്ണിന്റെ കുറവ്. മത്തി, അയല, ആവോലി, വാള, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ പതിവായി വ്യാപകമായി ലഭിച്ചിരുന്നു. ഇവ ഇപ്പോള്‍ പഴയതു പോലെ ലഭ്യമല്ല. കരയോടടുത്ത ഭാഗങ്ങളില്‍ കാണുന്ന പല മത്സ്യങ്ങളും തീരം വിട്ട് മറ്റു പല ഭാഗങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും നീങ്ങുകയാണ്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ കേരളം മത്സ്യദാരിദ്ര്യ സംസ്ഥാനമായി മാറുകയും ചെറുകിട മത്സ്യബന്ധന തൊഴിലാളികള്‍ പട്ടിണിയിലാകുകയും ചെയ്യും. വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്കും ഇന്ത്യയിലെ തന്നെ വന്‍കിട ട്രോളറുകള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനവും ചെറുകിട മീന്‍പിടുത്തക്കാര്‍ക്ക് വയറ്റത്തടിയാകുന്നു. ഓരോ സംസ്ഥാനത്തിന്റേയും അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ (22കിലോമീറ്റര്‍) കടല്‍ മേഖലയില്‍ പോലും ചെറുകിട മീന്‍പിടിത്തക്കാര്‍ക്ക് ബുദ്ധിമുട്ടുളവാക്കുന്ന ഇടപെടലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പിടിക്കുന്ന മീനിന്റെ വില നിശ്ചയിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അധികാരമില്ല. ഇടത്തട്ടുകാരാണ് വില നിശ്ചയിക്കുന്നതും കമ്പോളത്തെ നിയന്ത്രിക്കുന്നതും. കമ്പോളങ്ങളില്‍ വിറ്റഴിയുന്ന മത്സ്യങ്ങള്‍ക്ക് ലഭിക്കുന്ന വിലയുടെ പകുതിയില്‍ താഴെ മാത്രമാണ് മത്സ്യത്തൊഴിലാളികളുടെ കൈകളില്‍ എത്തുന്നത്.
പരമ്പരാഗത മത്സ്യബന്ധ മേഖലക്ക് ചാകരയുടെ വേളയാണ് ട്രോളിംഗ് നിരോധനം കാലം.

ഇക്കാലത്ത് യന്ത്രവത്കൃത ബോട്ടിലെ തൊഴിലാളികള്‍ മീന്‍പിടിക്കാത്തതിനാല്‍ വള്ളത്തില്‍ പോയി അവര്‍ പിടിച്ചുകൊണ്ടു വരുന്ന മത്സ്യങ്ങള്‍ക്ക് വിലക്കൂടുതല്‍ ലഭിക്കാറുണ്ട്. ട്രോളിംഗ് നിരോധന കാലത്താണ് പരമ്പരാഗത മത്സ്യബന്ധന ഹാര്‍ബറുകള്‍ സജീവമാകുന്നത്. അതേസമയം പരമ്പരാഗത മേഖല അനുവദിക്കുന്ന അളവ് ചൂഷണം ചെയ്യുന്ന പ്രവണത തടയേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങളില്‍ മാരകമായ വിഷാംശങ്ങള്‍ കണ്ടെത്തിയതോടെ ശുദ്ധമായ മീന്‍തേടി കടപ്പുറങ്ങളിലെത്തുന്ന ആളുകളുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് കോടതി വിധിയില്‍ എത്രയും വേഗത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതേസമയം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഒഴുക്കുവലയും സിംഗ്‌സീല്‍ വലയുമാണ് സാധാരണ ഉപയോഗിക്കാറുള്ളതെങ്കിലും ബോട്ടുകള്‍ ഇറക്കാന്‍ അനുവാദമുള്ളതിനാല്‍ ട്രോള്‍ വലകള്‍ രഹസ്യമായി ഉപയോഗപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കണ്ടു കര്‍ക്കശ നിരീക്ഷണം ആവശ്യമാണ്.