ഐസിലും ഫോര്‍മാലിന്‍

Posted on: July 1, 2018 9:05 am | Last updated: July 1, 2018 at 11:35 am
SHARE

കൊച്ചി: ഫോര്‍മാലിന്‍ പരിശോധന ശക്തമാക്കിയിരിക്കെ മീനിലുപയോഗിക്കുന്ന ഐസില്‍ ഫോര്‍മാലിന്‍ മിശ്രിതം ചേര്‍ത്ത് അധികൃതരെ കബളിപ്പിക്കുന്നു. ഒറ്റനോട്ടത്തില്‍ ഐസ് മാത്രമേ കാണൂ വെങ്കിലും ഫോര്‍മാലിന്റെ പ്രയോജനം മത്സ്യവിതരണക്കാര്‍ക്ക് ലഭ്യമാകുന്നു.

ഫോര്‍മലിന്‍ ചേര്‍ത്ത് ഐസ് ഉണ്ടാക്കുകയും ഒപ്പം ഫോര്‍മാലിന്‍ പൊടി ഐസിനൊപ്പം ചേര്‍ത്ത് മീനില്‍ വിതറുകയുമാണ് ചെയ്യുന്നതെന്ന് കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന മത്സ്യത്തിലാണ് ഇങ്ങനെ കണ്ണുവെട്ടിച്ച് ഫോര്‍മാലിന്‍ ചേര്‍ത്തുന്നതെങ്കിലും അവിടുത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇതു സംബന്ധിച്ച് ഒരു വിവരവുമില്ല.
ഫോര്‍മലിന്‍ ചേര്‍ത്ത മീന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നു മത്സ്യബന്ധന മേഖലയിലെ പരിശോധനക്ക് കേരളം എല്ലാ തെക്കന്‍ സംസ്ഥാനങ്ങളോടും സഹായം തേടിയെങ്കിലും ചെന്നൈയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ കാശിമേട്ടില്‍ തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതുവരെ ഒരു പരിശോധനയും നടത്തിയിട്ടില്ല. പക്ഷേ, കേരളത്തില്‍ നിന്ന് പോകുന്ന മത്സ്യത്തില്‍ മായമില്ലെന്ന് മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളും വ്യാപാരികളും പറയുന്നു.
എന്നാല്‍, കേരളത്തില്‍ മത്സ്യത്തിലെ ഫോര്‍മാലിന്‍ കൈയോടെ പിടിച്ചത് ഏറ്റവും ബാധിച്ചത് ചെന്നൈ തുറമുഖത്തെയാണ്.
ദിവസം എട്ട് കോടിയുടെ മത്സ്യം കേരളത്തിലേക്കു കയറ്റിവിട്ടിരുന്നത് രണ്ട് കോടിയായി കുറഞ്ഞു. കേരളത്തിലെ വന്‍കിട മത്സ്യവ്യാപാരികളെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മീന്‍ വാങ്ങാന്‍ മടിക്കുന്നു. കേരളത്തിലെ ചില വ്യാപാരികള്‍ സ്റ്റോക്കുണ്ടായിരുന്ന മീന്‍ കര്‍ണാടകയിലേക്കും മറ്റും മറിച്ചുവില്‍ക്കുകയും ചെയ്തു.

ചെന്നൈയില്‍ നിന്ന് ദിവസവും എട്ട് മണിക്കൂര്‍ കൊണ്ട് കേരളത്തിലേക്കു മത്സ്യമെത്തിക്കാമെന്നതിനാല്‍ ഐസ് മാത്രമിട്ടാണ് മത്സ്യം വിടുന്നതെന്നു ചെന്നൈയിലെ വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ ഐസ് പ്ലാന്റുകളില്‍ റെയ്ഡിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കയാണ്.