അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടം തുടങ്ങി

Posted on: June 30, 2018 7:22 pm | Last updated: June 30, 2018 at 9:52 pm

കസാന്‍: അര്‍ജന്റീന- ഫ്രാന്‍സ് പ്രീ ്ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങി. ഗോണ്‍സാലോ ഹിഗ്വെയ്‌ന് പകരം അര്‍ജന്റീന പാവണിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റഷ്യയില്‍ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിടാന്‍ ഇന്നിറങ്ങുന്ന അര്‍ജന്റീനക്ക് വേഗത്തില്‍ ഫോം കണ്ടെത്തേണ്ടിയിരിക്കുന്നു. രണ്ട് പേരും കരുത്തരായ ടീമുകളാണെങ്കിലും അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ഇന്നത്തോളമുള്ള റഷ്യന്‍ പ്രയാണം ചില സൂചനകള്‍ നല്‍കുന്നുണ്ട്. അര്‍ജന്റീന അതിനാടകീയമായി അക്ഷരാര്‍ഥത്തില്‍ പ്രീക്വാര്‍ട്ടറിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു.

ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായും.
മെസ്സിയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാകും. അവസാന ഗ്രൂപ്പ് മത്സരത്തിന്റെ 86ാം മിനുട്ടില്‍ മാര്‍കോ റൊജോസ് നൈജീരിയക്കെതിരെ ഗോള്‍ നേടുന്നത് വരെ മെസ്സിയും സംഘവും റഷ്യയില്‍ തുടരാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലായിരുന്നു.
ദുരിതമനുഭവിക്കുന്ന ടീമായാണ് അര്‍ജന്റീനയെ റഷ്യയില്‍ കണ്ടത്. അരങ്ങേറ്റക്കാരായ ഐസ്‌ലാന്‍ഡിനോട് ആദ്യ മത്സരത്തില്‍ സമനില. കോസ്റ്റാറിക്കയോട് 3-0ത്തിന്റെ ദയനീയ തോല്‍വി. പുറത്തേക്കുള്ള വഴി തെളിഞ്ഞുകിടക്കുമ്പോള്‍ നൈജീരിയക്കെതിരെ റോജയുടെ ഗോള്‍ അവരുടെ ലോകകപ്പ് സ്വപ്‌നം കൊഴിയാതെ ബാക്കിവെക്കുകയായിരുന്നു.
രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ജേതാക്കളായെത്തിയെങ്കിലും ഫ്രാന്‍സിന്റെ മികച്ച പ്രകടനമായിരുന്നില്ല റഷ്യയില്‍ ഇതുവരെ കണ്ടത്. ആകെ നേടാനായത് മൂന്ന് ഗോളുകള്‍ മാത്രം. അവസാന കളിയില്‍ ഡെന്മാര്‍ക്കിനോട് സമനില. ആദ്യ രണ്ട് കളിയില്‍ തന്നെ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തിയ ഫ്രാന്‍സ് അവരുടെ സൂപ്പര്‍ താരം പോഗ്ബക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. പക്ഷേ, പോഗ്ബയില്ലാത്ത ഫ്രാന്‍സ് ഡെന്മാര്‍ക്കിന് മുന്നില്‍ വിയര്‍ത്തു.

ഫോം കണ്ടെത്താന്‍ വിഷമിക്കുന്നുവെങ്കിലും പോഗ്ബയുണ്ടാകും അര്‍ജന്റീനയെ നേരിടാന്‍ എന്ന് തന്നെയാണ് ഫ്രാന്‍സ് ആരാധകര്‍ കരുതുന്നത്.
അര്‍ജന്റീനയുടെ കരുത്ത് മുഴുവന്‍ മെസ്സിയിലാണ്. നാലാം ലോകകപ്പ് കളിക്കുന്ന മെസ്സിയിലാകും അര്‍ജന്റീനയുടെ പ്രതീക്ഷ മുഴുവന്‍. നിര്‍ണായകമായ മത്സരത്തില്‍ നൈജീരിയക്കെതിരെ ഗോള്‍ നേടാന്‍ കഴിഞ്ഞത് മെസ്സി വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ലോകകപ്പ്, സൗഹൃദ മത്സരങ്ങളില്‍ ഇരുവരും കളിച്ച 11 മത്സരങ്ങളില്‍ ആറെണ്ണം അര്‍ജന്റീനയും മൂന്നെണ്ണം ഫ്രാന്‍സുമാണ് നേടിയത്. റണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. 2009ല്‍ അവസാനമായി അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മെസ്സിയും കൂട്ടരും 2-0ത്തിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.