സ്ത്രീകള്‍ സൂക്ഷിക്കുക, നിങ്ങള്‍ ഒട്ടും സുരക്ഷിതരല്ല !

Posted on: June 27, 2018 9:18 am | Last updated: June 27, 2018 at 11:19 am
SHARE

ലണ്ടന്‍: ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഏറ്റവും മുന്നില്‍. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൊണ്ട് കലുഷിതമായ അഫ്ഗാനിസ്ഥാനെയും സിറിയയെയും മറികടന്നാണ് സ്ത്രീ സുരക്ഷയുടെ വിഷയത്തില്‍ ഇന്ത്യ പിന്നിലേക്ക് ചുവടുവെച്ചത്. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ പുറത്തുവിട്ട സര്‍വേയിലാണ് സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തിയത്. അഫ്ഗാനിസ്ഥാന്‍ രണ്ടും സിറിയ മൂന്നും സ്ഥാനത്താണ്. രണ്ടര പതിറ്റാണ്ടായി സംഘര്‍ഷഭരിതമായ സൊമാലിയ നാലാം സ്ഥാനത്തും സഊദി അറേബ്യ അഞ്ചാം സ്ഥാനത്തുമാണ്.

2011ല്‍ നടത്തിയ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഏഴ് വര്‍ഷം കൊണ്ടാണ് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യമായി മാറിയത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. വീട്ടുജോലികള്‍ക്കായി ഇന്ത്യന്‍ സ്ത്രീകളെ വ്യാപകമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒടുവില്‍ ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതും വന്‍ വിവാദമായിരുന്നു.
2007നും 2016നുമിടയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 83 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ സര്‍വേയില്‍ അഫ്ഗാനിസ്ഥാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. ആഗോളതലത്തില്‍ സ്ത്രീകളുടെ വിഷയങ്ങളെ കുറിച്ച് പഠിക്കുകയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 548 വിദഗ്ധര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ആദ്യ പത്തില്‍ ഇടം നേടിയ ഏക പാശ്ചാത്യ രാജ്യം യു എസ് ആണ്. പത്താം സ്ഥാനത്താണ് യു എസ് ഉള്‍പ്പെട്ടത്. ആറാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

ആരോഗ്യം, വിവേചനം, സാംസ്‌കാരിക പാരമ്പര്യം, ലൈംഗികാതിക്രമം, ശാരീരിക- മാനസിക പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ മേഖലകളിലായാണ് സര്‍വേ നടത്തിയത്. ഇതില്‍ സാംസ്‌കാരിക പാരമ്പര്യം, ലൈംഗികാതിക്രമം, മനുഷ്യക്കടത്ത് എന്നീ പട്ടികയില്‍ ഇന്ത്യ മുന്നിലാണ്. ആരോഗ്യ രംഗത്താണ് ആശ്വാസ സ്ഥാനത്തെത്തിയത്- നാല്. ലൈംഗികാതിക്രമ പട്ടികയില്‍ യു എസ് മൂന്നാം സ്ഥാനത്തുണ്ട്.