പത്രസമ്മേളനത്തില്‍ പശ്ചാത്താപമില്ല: ജസ്റ്റിസ് ചെലമേശ്വര്‍

Posted on: June 23, 2018 9:54 am | Last updated: June 23, 2018 at 1:42 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ‘കലാപത്തി’ന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ചെലമേശ്വര്‍ വിരമിച്ചു. ജസ്റ്റിസ് ദീപക് മിശ്രയുടെ ഏകപക്ഷീയമായ നടപടികള്‍ ചൂണ്ടിക്കാട്ടിയും നീതിന്യായ വിഭാഗത്തിലെ നിരവധി അരുതായ്മകളിലേക്ക് വെളിച്ചം വീശിയും പത്രസമ്മേളനം നടത്തിയ മുതിര്‍ന്ന നാല് ജഡ്ജിമാരില്‍ ഒരാളാണ് ചെലമേശ്വര്‍.

ജനുവരിയിലെ ആ പത്രസമ്മേളനത്തില്‍ ഒരു പശ്ചാത്താപവും ഇല്ലെന്ന് വിരമിച്ചതിന് തൊട്ടുപിറകേ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ചെലമേശ്വര്‍ പറഞ്ഞു. തന്റെ കടമ ഏറ്റവും നന്നായി നിര്‍വഹിച്ച ശേഷമാണ് പടിയിറങ്ങുന്നതെന്നും സര്‍ക്കാര്‍ പദവികളൊന്നും ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനം ഒരിക്കലും ഒരു എടുത്തുചാട്ടമായിരുന്നില്ല. അതിനുമുമ്പ് നിരവധി ഘട്ടങ്ങള്‍ കടന്നുപോയിട്ടുണ്ട്. കാര്യങ്ങള്‍ നേരെയാക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. അതിനുള്ള വഴികള്‍ ആരാഞ്ഞു. അവസാന മാര്‍ഗമെന്ന നിലയിലായിരുന്നു പത്രസമ്മേളനം. ആ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെന്നാണ് വിശ്വാസം.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫ് സുപ്രീം കോടതിയിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അദ്ദേഹം സുപ്രീം കോടതിയില്‍ എത്തണമെന്നാണ് ആഗ്രഹം. അതിനായി പൊരുതിയിട്ടുണ്ട്. നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ന്യായാധിപന്‍ ആയിരുന്നപ്പോള്‍ ഇക്കാര്യം നടപ്പാക്കാന്‍ സാധിച്ചില്ല. അദ്ദേഹം എന്റെ മേഖലയില്‍ നിന്നുള്ളയാളല്ല. എന്റെ സംസ്ഥാനക്കാരനും എന്റെ ഭാഷ സംസാരിക്കുന്നയാളുമല്ല. എന്റെ സമുദായക്കാരനുമല്ല. എന്നാലും ഞാന്‍ അദ്ദേഹത്തിനായി പൊരുതി കൊണ്ടിരിക്കുന്നു’- ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
ന്യായാധിപ ജീവിതത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങളെ കുറിച്ചും സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തെ കുറിച്ചും ഗൗരവപൂര്‍വമായ എഴുത്തിന് ഭാവിയില്‍ സമയം കണ്ടെത്തുമെന്നും ചെലമേശ്വര്‍ പറഞ്ഞു.